അനാവശ്യ വിവാദങ്ങള്‍ക്കു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്
തുരങ്കപാത പദ്ധതി പ്രഖ്യാപനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബദല്‍ തുരങ്കപാത സര്‍ക്കാരിെന്റ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യാഥാര്‍ഥ്യമാക്കുന്നത്.പരിസ്ഥിതി സംരക്ഷിച്ച് വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാരിസ്ഥിത പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത ശേഷമാണ് വനഭൂമിക്ക് അടിയിലായി തുരങ്ക പാത നിര്‍മാണമെന്ന ആശയം സ്വീകരിച്ചത്. 900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ തുക ആവശ്യമെങ്കില്‍ കണ്ടെത്തും. പരിസ്ഥിതിലോല പ്രദേശമായ താമരശ്ശേരി ചുരത്തിലെ ഗതാഗതത്തിരക്ക് കുറച്ച് ചുരത്തിെന്റ തനിമ നിലനിര്‍ത്താനും ബദല്‍ പാത സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് കിഫ്ബി സാമ്ബത്തിക സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ലഭിച്ചുകഴിഞ്ഞു.പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അധ്യക്ഷത വഹിച്ചു. ശിലാഫലകം മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കൊങ്കണ്‍ റെയില്‍വേ ഓഫിസര്‍ ഇന്‍ ചാര്‍ജ് എം.ആര്. മോഹന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മന്ത്രി എ.കെ. ശശീന്ദ്രന്, പി.ടി.എ. റഹീം എം.എല്‍.എ, എം.വി. ശ്രേയാംസ് കുമാര്‍ എം.പി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ സംസാരിച്ചു. ജോര്‍ജ് എം. തോമസ് എം.എല്‍.എ സ്വാഗതവും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ കെ. വിനയരാജ് നന്ദിയും പറഞ്ഞു.ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി. അഗസ്റ്റിന് (തിരുവമ്ബാടി), ലിസി ചാക്കോ (കോടഞ്ചേരി), ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചുരത്തിന് ബദലായി തുരങ്കം
മേപ്പാടി: നീണ്ട കാത്തിരിപ്പിനൊടുവിലാണ് തുരങ്കപാത വരുന്നത്. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര നിലവില്‍ സമയനഷ്ടം ഉണ്ടാക്കുന്നതാണ്. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ കാരണം ദിവസങ്ങളോളം ഗതാഗത തടസ്സമുണ്ടാകാറുണ്ട്. പാത വനഭൂമിയിലൂടെ കടന്നുപോകുന്നതിനാല്‍ വീതികൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ബദല്‍ പാത ആശയമുദിച്ചത്..ചെങ്കുത്തായ മലനിരകളും വനഭൂമി വിട്ടുകിട്ടുന്നതിലുള്ള പ്രയാസങ്ങളും ബദല്‍പാതക്ക് തടസ്സങ്ങളായി. ചിപ്പിലിത്തോട്- മരുതിലാവ് വഴിയും ആനക്കാംപൊയില്‍-വെള്ളരിമല വഴിയുമുള്ള സാധ്യതകള്‍ പരിശോധിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി സോഫ്റ്റ് ടെക് 2015ല്‍ ബദല്‍പാതകളുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനിടയിലാണ് നിര്‍ദിഷ്ടപാതയുടെ ആശയം കടന്നു വന്നത്. ഉപരിതലം വഴിയാവുമ്ബോള് പാത വനഭൂമിയിലൂടെയായിരിക്കും കടന്നുപോവേണ്ടിവരുകയെന്നും അതിനു പകരം മല തുരന്ന് തുരങ്കം നിര്‍മിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാമെന്നുമായിരുന്നു പഠന റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടി നിയോജക മണ്ഡലത്തിലെ ആനക്കാംപൊയിലിന് സമീപമുള്ള മറിപ്പുഴയിലെ സ്വര്‍ഗം കുന്നില്‍നിന്ന് ആരംഭിച്ച് കല്പറ്റ മണ്ഡലത്തിലെ കള്ളാടിക്കു സമീപമാണ് പാത അവസാനിക്കുക.ഈ സര്‍ക്കാരിെന്റ ആദ്യ ബജറ്റില്‍തന്നെ തുരങ്കപാതക്കായി 20 കോടി രൂപ നീക്കിവെച്ചു. പൊതുമരാമത്ത് വകുപ്പിന് തുരങ്കപാത നിര്‍മാണത്തില്‍ മുന്പരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാല്‍ ഡോ. ഇ. ശ്രീധരെന്റ സഹായത്തോടെ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ പദ്ധതി ഏല്പിച്ചു. സര്‍വേ, വിശദ പദ്ധതി രൂപരേഖ, നിര്‍മാണം എന്നിവ ടേണ്‍ കീ അടിസ്ഥാനത്തില്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവായത്. കെ.ആര്.സി.എല്‍, കിഫ്ബി, പി.ഡബ്ല്യു.ഡി എന്നിവ ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടു. മറിപ്പുഴ കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ രണ്ടു വരി പാലം, സ്വര്‍ഗംകുന്നിലേക്ക് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. തുരങ്ക പാതക്ക് ഏഴു കിലോമീറ്റര്‍ നീളമുണ്ട്. തുരങ്കപാതയിലേക്ക് എത്താനായി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ദേശീയപാത 766ല്‍നിന്ന് വഴി മാറിയുള്ള പൊതുമരാമത്തു വകുപ്പിെന്റ റോഡ് ഉപയോഗപ്പെടുത്തും.