ചാത്തന്നൂര്‍: ചിറക്കര ഉളിയനാട് ഗവ. ഹൈസ്‌കൂളിലെ 1991-92 പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് കൂട്ടുകാരന് സഹായ ഹസ്തവുമായി എത്തിയത്. കഴിഞ്ഞമാസം സന്തോഷിന്റെ സഹപാഠികളായ മിനി, ബിന്ദു, രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച നവമാധ്യമ കൂട്ടായ്മയിലൂടെയാണ് കൂട്ടുകാരന്റെ അവസ്ഥയെ കുറിച്ച് മറ്റുള്ളവര്‍ അറിയുന്നത്. ചാത്തന്നൂര്‍ ചിറക്കര ഗ്രാമ പഞ്ചായത്തില്‍ ഇടവട്ടം മണ്ഡപകുന്ന് കല്ലുംപുറത്ത് വീട്ടില്‍ സന്തോഷ് ബാബുവിന് രണ്ടു വര്‍ഷം മുന്‍പാണ് അപകടം സംഭവിച്ചത്. വീടിന്റെ ഷെയ്ഡ് വൃത്തിയാക്കാന്‍ കയറിയ സന്തോഷ് കാല്‍തെന്നി താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് പറ്റിയ പരിക്ക് ഭേദമായെങ്കിലും കാലുകള്‍ തളര്‍ന്ന് പോയി. മടങ്ങിയാല്‍ നിവര്‍ത്താന്‍ പറ്റാത്ത വിധത്തില്‍ കാലുകള്‍ ഉളളിലേക്ക് വലിയുന്ന അവസ്ഥയാണിപ്പോള്‍.കൂട്ടായ്മയിലൂടെ 1,41,000(ഒരു ലക്ഷത്തിനാല്പത്തി ഒന്നായിരം) രൂപ സമാഹരിച്ച് സന്തോഷ് ബാബുവിന്റെ വീട്ടിലെത്തി സുഹൃത്തുകള്‍ തുക കൈമാറി. ഗ്രൂപ്പ് അഡ്മിന്‍ എസ്.ബിന്ദു, എസ്.നാരായണന്‍ ഉണ്ണി, ദിലീപ്, സന്തോഷ് കുമാര്‍, കെ.എസ്.സന്ധ്യ, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുക നല്‍കിയത്. സന്തോഷ് ബാബുവിന് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കി തങ്ങള്‍ക്കൊപ്പം നടത്തുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. നിവര്‍ന്ന് നില്‍ക്കാനോ ഇരിക്കാനോ കഴിയാത്തതിനാല്‍ കാലുകള്‍ നിവര്‍ത്തി ഭാരം തൂക്കിയാണ് സന്തോഷിനെ കിടത്തിയിരിക്കുന്നത്. വിദഗ്ദ്ധനായ ഒരു ന്യൂറോളജിസ്റ്റിന് മാത്രമേ സന്തോഷിന്റെ രോഗം ഭേദമാക്കാന്‍ കഴിയൂ എന്നാണ് മെഡിക്കല്‍ വിഭാഗം പറയുന്നത്. ഏക ആശ്രയമായ വൃദ്ധ മാതാവുമായി മണ്ഡപംകുന്നിലെ വാടക വീട്ടിലാണ് സന്തോഷ് കഴിയുന്നത്. ചികിത്സാ ചിലവിനും നിത്യവൃത്തിക്കും ഏറെ ബുദ്ധിമുട്ടുന്ന സന്തോഷ് ബാബു സുമനസ്സുകള്‍ നല്‍കുന്ന സഹായത്താലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.