കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയ വഴിയില്‍

0

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ മുന്‍പില്‍ വെച്ച 192 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിങ്‌സ് ഇലവന്‍ നിശ്ചിത ഓവറില്‍ കണ്ടെത്തിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം.രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈയുടെ ബൂമ്ര, രാഹുല്‍ ചഹര്‍, പാറ്റിന്‍സന്‍ എന്നിവരുടെ മികവാണ് കിങ്‌സ് ഇലവനെ കുഴക്കിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് ബൂമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയത്.കഴിഞ്ഞ കളികളില്‍ സെഞ്ചുറികളുമായി തിളങ്ങിയ കിങ്‌സ് ഇലവന്റെ ഓപ്പണര്‍മാര്‍ക്ക് കളി പിടിക്കാനുള്ള സമയം മുംബൈ നല്‍കിയില്ല. രാഹുല്‍ 19 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്തും, മായങ്ക് അഗര്‍വാള്‍ 18 പന്തില്‍ നിന്ന് 25 റണ്‍സ് എടുത്തും പുറത്തായി. 27 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി പൂരന്‍ പൊരുതിയെങ്കിലും വേണ്ട പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.പിന്നാലെ 13 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും പറത്തി 22 റണ്‍സ് നേടി കൃഷ്ണപ്പ ഗൗതമിന്റെ ഇന്നിങ്‌സ് വന്നെങ്കിലും വിജയ ലക്ഷ്യത്തിന് അടുത്തേക്ക് അത് കിങ്‌സ് ഇലവനെ എത്തിച്ചില്ല. നാല് കളിയില്‍ നിന്ന് കിങ്‌സ് ഇലവന്റെ മൂന്നാമത്തെ തോല്‍വിയാണ് ഇത്. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ തകര്‍ച്ച നേരിട്ടെങ്കിലും രോഹിത് ശര്‍മയുടെ ചെറുത്ത് നില്‍പ്പാണ് തുണച്ചത്. രോഹിത് 45 പന്തില്‍ നിന്ന് 70 റണ്‍സ് നേടി. എട്ട് ഫോറും മൂന്ന് സിക്‌സുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. 20 പന്തില്‍ നിന്ന് 3 ഫോറും നാല് സിക്‌സും പറത്തി പൊള്ളാര്‍ഡിന്റേയും, 11 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി ഹര്‍ദിക്കിന്റേയും വെടിക്കെട്ട് കൂടി വന്നതോടെ മുംബൈ മികച്ച ടോട്ടലിലേക്ക് എത്തി.

You might also like

Leave A Reply

Your email address will not be published.