കൊച്ചി : രാജ്യത്ത് ഇതുവരെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഏക പ്രദേശമായ ലക്ഷദ്വീപില്‍ പ്രൈമറി സ്കൂളുകള്‍ തുറന്നു. ഇതോടെ ലക്ഷദ്വീപിലെ സ്കൂളുകളില്‍ തിരിച്ചെത്തിയത് പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ്. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളാണ് ചൊവ്വാഴ്ച പുനരാരംഭിച്ചത്. ആദ്യമായാണ് ഈ അധ്യയന വര്‍ഷം ആരംഭിച്ച് പ്രൈമറി ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്.രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 8 മാസത്തിലധികമായെങ്കിലും ലക്ഷദ്വീപില്‍ ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ പ്രതിനിധികള്‍, രക്ഷാകര്‍തൃ – അധ്യാപക സംഘടന പ്രതിനിധികള്‍ എന്നിവരുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ ചര്‍ച്ച നടത്തിയതിനു ശേഷം സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.സെപ്റ്റംബര്‍ 21 ന് ലക്ഷദ്വീപിലെ ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സ്കൂള്‍ അധ്യയനം പുനരാരംഭിച്ചിരുന്നു. അതേസമയം, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രീ-പ്രൈമറി ക്ലാസ്സുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല.