കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച കോഴിക്കോട് പാളയം മാര്‍ക്കറ്റ് തുറന്നു

0

ജില്ലാ ഭരണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള അവലോകന യോഗത്തിലാണ‌് മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചത്.കര്‍ശന നിയന്ത്രണങ്ങളോടെ, കോവിഡ‌് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ‌് വ്യാപാരം നടത്താന്‍ അനുമതി. മാര്‍ക്കറ്റിലേക്കുള്ള എട്ട‌് പ്രവേശന കവാടങ്ങളില്‍ നാലെണ്ണം മാത്രമേ തുറക്കൂ. അടച്ചിട്ട ഭാഗങ്ങളില്‍ പൊലീസിന്റെ നിയന്ത്രണമുണ്ടാകും.ശേഷമേ ആളുകളെ മാര്‍ക്കറ്റിലേക്ക‌് പ്രവേശിപ്പിക്കൂ. കോവിഡ‌് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കും കോര്‍പറേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ‌് നല്‍കും. കടകളില്‍ നിന്നുള്ള കച്ചവടം പകല്‍ 11 മണി വരെ മാത്രമേ അനുവദിക്കൂ. ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് 11ന‌് ശേഷം പാളയത്ത‌് പ്രവേശിക്കാം. ആളുകള്‍ കോവിഡ‌് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ക്വിക്ക‌് റെസ‌്പോണ്‍സ‌് ടീം ഉറപ്പാക്കണം.സെപ‌്തംബര്‍ 23ന‌് മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക‌് കോവിഡ‌് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ‌് മാര്‍ക്കറ്റ് അടച്ചത‌്. തുടര്‍ന്ന‌് മുഴുവന്‍ പേരും ക്വാറന്റൈനില്‍ പോയി. നെഗറ്റീവായവരാണ‌് നിരീക്ഷണം പൂര്‍ത്തിയാക്കി അടുത്ത ദിവസം മുതല്‍ വ്യാപാരം ചെയ്യുക. ഇനി ആഴ്ചതോറും മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കോവിഡ് പരിശോധനയുണ്ടാകും. വേങ്ങേരി കാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തിലായിരുന്നു താല്‍ക്കാലികമായി പച്ചക്കറി ഇറക്കുമതിയും വില്‍പ്പനയും നടന്നിരുന്നത‌്.

You might also like
Leave A Reply

Your email address will not be published.