കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ സിലബസുകള്‍ 50 ശതമാനം വെട്ടിച്ചെരുക്കിയേക്കും

0

നേരത്തെ 30 ശതമാനം സിലബസ് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിദ്യാഭ്യാസ വര്‍ഷം പകുതി സിലബസ് നിലനിര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷാ നടത്തിപ്പ് 45-60 ദിവസങ്ങള്‍ നീട്ടിവെക്കാനും നീക്കമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.നേരത്തെ, സി.ബി.എസ്.ഇ സി.ഐ.എസ്.സി.ഇ 10, 12 ക്ലാസുകളിലെ സിലബസ് 30 ശതമാനം വെട്ടിക്കുറക്കാന്‍ ജൂലൈയില്‍ തീരുമാനിച്ചിരുന്നു. ഒഴിവാക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷക്ക് ചോദ്യങ്ങള്‍ ഉണ്ടാവില്ലെന്നും എന്നാല്‍, എന്‍.സി.ഇ.ആര്‍.ടിയുടെ അക്കാദമിക കലണ്ടര്‍പ്രകാരമുള്ള എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. വെട്ടിക്കുറച്ച സിലബസില്‍ നിന്നുള്ള മാതൃകാ ചോദ്യപ്പേപ്പറും പ്രസിദ്ധീകരിച്ചിരുന്നു.സി.ബി.എസ്.ഇക്ക് പിന്നാലെ നിരവധി സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളും സിലബസ് 30 ശതമാനത്തോളം വെട്ടിക്കുറക്കാന്‍ തയാറായിരുന്നു.ക്ലാസുകള്‍ പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ 2021 ബോര്‍ഡ് പരീക്ഷക്ക് സിലബസ് വെട്ടിക്കുറക്കുമെന്ന് സി.ബി.എസ്.ഇയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ശതമാനമോ 50 ശതമാനമോ വെട്ടിക്കുറക്കുകയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഓണ്‍ലൈന്‍ ക്ലാസുകളുടെ നിലവാരവും പ്രയോജനവും നഗര, അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്കൂളുകളിലെ ക്ലാസുകള്‍ പുനരാരംഭിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ. സിലബസുകള്‍ പൂര്‍ത്തിയാക്കാനായി പരീക്ഷ ഏപ്രിലിലേക്ക് നീട്ടേണ്ടിവരുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പരീക്ഷ നീട്ടണമെന്നും സിലബസ് കുറക്കണമെന്നും സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിലെ കോവിഡ് സാഹചര്യം പരിശോധിച്ച്‌ 2020-21 അധ്യയന വര്‍ഷത്തില്‍ സി.ഐ.എസ്.സി.ഇ സിലബസ് കുറക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് സി.ഐ.എസ്.സി.ഇ ചീഫ് എക്സിക്യൂട്ടീവ് ജെറി അരാത്തൂണ്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, സിലബസ് കുറക്കല്‍ എത്രത്തോളമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അണ്‍ലോക്ക് 5ന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. കണ്ടയിന്‍മെന്‍റ് സോണുകള്‍ക്ക് പുറത്തെ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പ്രവര്‍ത്തിക്കാനാണ് അനുമതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.അതേസമയം, കോവിഡ് നിയന്തണവിധേയമാകാത്ത സാഹചര്യത്തില്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ ഭൂരിഭാഗം രക്ഷിതാക്കളും വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. സ്കൂളുകള്‍ തുറന്നാലും ഹാജര്‍നില കുറയാനാണ് സാധ്യത.

You might also like

Leave A Reply

Your email address will not be published.