നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന വിദേശ ഉംറ തീര്‍ത്ഥാടകരുടെ ഉംറ തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി

0

ഇതിനായി എഴുന്നൂറ് ഉംറ കമ്ബനികള്‍ സജ്ജമാണെന്നും തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഉംറ കമ്ബനികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഡെപ്യൂട്ടി മന്ത്രി അബ്‌ദുറഹ്‌മാന്‍ ശംസ് വ്യക്തമാക്കി. അല്‍ ഇഖ്‌ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡെപ്യൂട്ടി മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് ഉംറക്ക് അനുമതി നല്‍കുകയെന്നത് വ്യക്തമല്ല. ഉടന്‍ തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം ഇത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.രാജ്യത്തിന് പുറത്തു നിന്നുള്ള തീര്‍ഥാടകരെ എത്തിക്കുന്നതിലുള്ള നടപടികള്‍ ലൈസന്‍സ് നേടിയ ഉംറ കമ്ബനികള്‍ വഴിയായിരിക്കും. ഗ്രൂപ്പുകളായിട്ടാണ് തീര്‍ത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഉംറ വിസ നേടി തനിച്ചെത്തുന്നത് അനുവദിക്കില്ല. മൂന്നാം ഘട്ടത്തില്‍ വിദേശത്ത് നിന്ന് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനായി ഉംറ കമ്ബനികളും വിദേശത്തുള്ള അവരുടെ അംഗീകൃത ഏജന്റുമാരുമായി മന്ത്രാലയം ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. .ഈ മാസം പതിനെട്ടിന് ആരംഭിച്ച ഉംറ പുനഃരാരംഭത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇത് വരെയായി ഒന്നേക്കാല്‍ ലക്ഷം തീര്‍ത്ഥാടകര്‍ ഉംറ ചെയ്തു കഴിഞ്ഞതായും 45,000 വിശ്വാസികള്‍ ഹറം പള്ളിയില്‍ വെച്ച്‌ നിസ്‌കാരത്തില്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കിടയില്‍ ഇത് വരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. നിശ്ചയിക്കപ്പെട്ട വ്യക്തമായ പദ്ധതികളിലൂടെ തന്നെയാണ് ഉംറ തീര്‍ത്ഥാടനവും മറ്റും പുരോഗമിക്കുന്നത്.നിലവില്‍ ഉംറക്കായുള്ള മൊബൈല്‍ ആപ് സംവിധാനമായ ഇഅ്തമര്‍ന ആപ് സഊദിക്കകത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും. തീര്‍ഥാടകരെ കബളിപ്പിച്ച്‌ തെറ്റായ വിവരങ്ങളും വ്യാജ അപേക്ഷകളും നല്‍കാനുള്ള നിരവധി ശ്രമങ്ങള്‍ കണ്ടെത്തിയതായും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇത് കൈമാറിയാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

Leave A Reply

Your email address will not be published.