മനാമ: നാട്ടില്‍നിന്ന് ബഹ്റൈനിലേക്ക് തിരിച്ചെത്തിയ പ്രവാസി വിസ റദ്ദായതിനാല്‍ വിമാനത്താവളത്തില്‍ കുടുങ്ങി. മുഹറഖില്‍ കോള്‍ഡ് സ്റ്റോറില്‍ ജോലി ചെയ്യുന്ന 66കാരനായ കോഴിക്കോട് സ്വദേശിയാണ് ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.ബുധനാഴ്ച ഉച്ചക്കാണ് കോഴിക്കോടുനിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇദ്ദേഹം ബഹ്റൈനില്‍ എത്തിയത്. ഒക്ടോബര്‍ 16 വരെ ഇദ്ദേഹത്തിന് വിസയുടെ കാലാവധിയുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തിെന്റ സ്പോണ്‍സറുടെ സി.ആര് റദ്ദായെന്ന് കണ്ടെത്തിയത്. സി.ആര് റദ്ദായ വിവരം സ്പോണ്സര് ഇദ്ദേഹത്തെ അറിയിച്ചതുമില്ല. വിസ റദ്ദായതിനാല്‍ ഇദ്ദേഹത്തിന് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചില്ല.220 ദീനാര്‍ നല്‍കിയാണ് ഇദ്ദേഹം വിമാന ടിക്കറ്റ് എടുത്തത്. വിസ കാലാവധി തീരുന്നതിന് മുമ്ബ് ബഹ്റൈനില്‍ എത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന തുക നല്കി ടിക്കറ്റ് എടുത്ത് വന്നത്.വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ കോവിഡ് ടെസ്റ്റിന് 60 ദീനാര്‍ അടക്കുകയും ചെയ്തു. വിസ റദ്ദായതിന് പുറമെ, ഇൗ തുകയും നഷ്ടമായതിെന്റ സങ്കടത്തിലാണ് അദ്ദേഹം. വ്യാഴാഴ്ച വൈകീട്ടുള്ള എമിറേറ്റ്സ് വിമാനത്തില്‍ ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോകും.
പോംവഴി നാട്ടില്‍നിന്ന് വിസ കാലാവധി ഉറപ്പുവരുത്തല്‍ മാത്രം
മനാമ: ബഹ്റൈനില്‍ എത്തിയശേഷം വിസ റദ്ദായെന്നറിഞ്ഞ് തിരിച്ചുപോകേണ്ടിവന്ന സംഭവങ്ങള്‍ ഇതിനുമുമ്ബും ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം വിമാനത്താവളത്തില്‍തന്നെ കഴിച്ചുകൂട്ടിയാണ് ഇവര്‍ക്ക് തിരിച്ചുപോകാന്‍ കഴിയുന്നത്. കഴിഞ്ഞയാഴ്ചയും സമാന സംഭവമുണ്ടായി.സാധാരണ തൊഴിലാളികളാണ് അധികവും ഇത്തരത്തില്‍ കുടുങ്ങിപ്പോകുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിെന്റ സി.ആറില്‍ അല്ലാതെ മറ്റ് സി.ആറുകളില്‍ എടുത്ത വിസകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ റദ്ദായാലും കൃത്യസമയത്ത് അറിയണമെന്നില്ല. ഇതാണ് പ്രശ്നങ്ങള്ക്കിടയാക്കുന്നത്. നാട്ടില്‍നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്ബ് തന്നെ വിസയുടെ പ്രാബല്യം ഉറപ്പുവരുത്തുകയാണ് ഇതിന് പോംവഴിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. എല്‍.എം.ആര്.എ വെബ്സൈറ്റില്‍നിന്ന് വിസ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകും. വിസ കാലാവധി ഉറപ്പുവരുത്തി യാത്ര പുറപ്പെട്ടാല്‍ തുടര്‍ന്നുണ്ടായേക്കാവുന്ന പ്രയാസങ്ങളും ധനനഷ്ടവും ഒഴിവാക്കാനാകും..