മെട്രോപ്പൊലീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൊച്ചി ന​ഗരത്തിന്റെ യാത്രാനുഭവം അടിമുടി മാറും

0

പൊതുഗതാഗത ഏകോപനം, നിയന്ത്രണം, ആസൂത്രണം, നടത്തിപ്പ് തുടങ്ങിയവ ഒരൊറ്റ കുടക്കീഴിലേക്ക് മാറുന്നതാണ് അഡ്‌മിനിസ്ട്രേറ്റീവ് തലത്തിലെ മാറ്റമെങ്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാകുക ഇതുവരെ ചിന്തിക്കാന്‍ പോലും ആരും തയ്യാറാകാത്ത തരത്തിലുള്ള സേവനങ്ങളാണ്. മെട്രോയിലും ബസിലും ഓട്ടോയിലും യാത്ര ചെയ്യാന്‍ ഒറ്റ ടിക്കറ്റ് ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് വരുംനാളുകളില്‍ കൊച്ചിയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. വാഹനങ്ങളുടെ സമയം ഉള്‍പ്പെടെ സകല കാര്യങ്ങളും ഇനി യാത്രക്കാരുടെ വിരല്‍ത്തുമ്ബിലാണ്.മെട്രോപ്പൊലീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. ആറ്മാസത്തിനകം അതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതം അടിമുടി മാറും. വൈകാതെ ജിസിഡിഎ, ജിഡ പരിധിയിലേക്കു കൂടി അഥോറിറ്റിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. മേഖലയിലെ പൊതുഗതാഗത ഏകോപനം, നിയന്ത്രണം, ആസൂത്രണം, നടത്തിപ്പ് എന്നിവയുടെ ചുമതല അഥോറിറ്റിയുടെ കയ്യിലാകും പിഴ ചുമത്തുന്ന മോട്ടര്‍ വാഹന വകുപ്പും റോഡ് നിര്‍മ്മിക്കുന്ന നഗരസഭയും പൊതുമരാമത്തു വകുപ്പും അഥോറിറ്റിക്കു കീഴിലെ ഘടകങ്ങള്‍ മാത്രം. വാഹനത്തിരക്ക് അനുസരിച്ച്‌ റോഡ് ഏതു ഗ്രേഡില്‍ ടാര്‍ ചെയ്യണമെന്നു അഥോറിറ്റിയിലെ വിദഗ്ദ്ധര്‍ തീരുമാനിക്കും.റോഡ് നന്നാക്കിയില്ലെങ്കില്‍ ഉത്തരവാദി അഥോറിറ്റിയാവും. പൊതുഗതാഗതം ഇങ്ങനെ മാറുന്ന ഇന്ത്യയിലെ ആദ്യ നഗരമാവും കൊച്ചി. ഇതൊക്കെ നടക്കുമോ എന്നു ചോദിക്കുന്നവരോട് – ഓണ്‍ലൈനില്‍ സിനിമാ ടിക്കറ്റെടുത്തു സിനിമ കാണുന്നതുപോലെ അനായാസമാണു കാര്യങ്ങള്‍ എന്നേ പറയാനുള്ളൂ. എല്ലാം പലയിടത്തായി കിടക്കുന്നു, കൂട്ടിയോജിപ്പിച്ചാല്‍ മതി. മുത്തുകള്‍ ചേര്‍ത്തു മാലകെട്ടും പോലെ.ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഗ്രൂപ്പുകള്‍ക്കും കമ്ബനികള്‍ക്കുമാണു സ്ഥാനം. സ്വകാര്യ ബസുകള്‍ എല്ലാം ചേര്‍ന്ന് ഒരു കമ്ബനി. ഇതിനകം ആയിരത്തോളം ബസുകള്‍ ഉള്‍പ്പെട്ട 7 കമ്ബനി രൂപീകരിച്ചു. 5,000 ഓട്ടോകള്‍ ഉള്‍പ്പെട്ട ഒറ്റ സൊസൈറ്റി നിലവിലുണ്ട്. മെട്രോയും വാട്ടര്‍ മെട്രോയും കെഎസ്‌ആര്‍ടിസിയും വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും വേറെ വേറെ കമ്ബനികളാണ്. നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വരാന്‍ പോകുന്ന സൈക്കിളുകളും കമ്ബനിയുടെ കീഴില്‍ത്തന്നെ. ടാക്സി കാറുകളെയും ഇതിലേക്ക് ഉള്‍പ്പെടുത്താം.ചെല്ലാനത്തുനിന്നു തൃപ്പൂണിത്തുറ പുതിയകാവിലേക്കു പോകുന്നയാളുടെ യാത്ര നോക്കാം. ഇപ്പോഴത്തെ റൂട്ട് -ചെല്ലാനത്തു നിന്നു ബസില്‍ സൗത്ത് വരെ, പേട്ട വരെ മെട്രോയില്‍, പിന്നെ പുതിയകാവിലേക്കു ബസില്‍, അവിടെ നിന്ന് എത്തേണ്ട സ്ഥലത്തേക്ക് ഓട്ടോറിക്ഷയില്‍. രണ്ടു ബസിലും മെട്രോയിലും ടിക്കറ്റ്, ഓട്ടോയില്‍ രൊക്കം പണം. ഇനി ഇദ്ദേഹത്തിനു ചെല്ലാനത്തു ബസില്‍ കയറുമ്ബോള്‍ തന്നെ പുതിയകാവില്‍ എത്തും വരെയുള്ള ഒറ്റ ടിക്കറ്റ് എടുക്കാം. ബസിലും ഓട്ടോയിലും മെട്രോയിലും അതുമതി. ആപ്പില്‍, യാത്ര പോകേണ്ട സ്ഥലം പറയുക. ചെല്ലാനത്തു നിന്നു പുതിയകാവിലേക്കു പോകാന്‍ കഴിയുന്ന റൂട്ടുകള്‍ ആപ് കാണിച്ചുതരും. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക. ചെല്ലാനത്തു നിന്നു തോപ്പുംപടി ഇറങ്ങി, തോപ്പുംപടി-തൃപ്പൂണിത്തുറ ബസില്‍ കയറി കുണ്ടന്നൂര്‍ പാലം വഴി പുതിയകാവില്‍ പോകാം. കുറച്ചുസമയം ബസിനായി കാത്തിരിക്കണമെന്നു മാത്രം.തയാറാണെങ്കില്‍ ആ ടിക്കറ്റ് തരും. തോപ്പുംപടി മുതല്‍ തൃപ്പൂണിത്തുറ വരെ സൈക്കിള്‍ ചവിട്ടാന്‍ റെഡിയാണെങ്കില്‍ സൈക്കിള്‍ വാടക ഉള്‍പ്പെടുത്തിയുള്ള നിരക്കു കിട്ടും. ദൂരവും സമയവും പണവും യാത്രക്കാരനു തിരഞ്ഞെടുക്കാം. ഓണ്‍ലൈനില്‍ ടിക്കറ്റ് കിട്ടിയാല്‍ യാത്ര തുടങ്ങാം. ബസിനു ടിക്കറ്റെടുത്തിട്ട്, മെട്രോയ്ക്കു പോകരുത്. കുണ്ടന്നൂര്‍ വഴി പോകാന്‍ ടിക്കറ്റെടുത്തിട്ടു പള്ളിമുക്ക് വഴി പോകുകയും അരുത്.നിശ്ചിത സമയത്തേക്കു മാത്രമേ ടിക്കറ്റിനു സാധുതയുള്ളൂ എന്നും ഓര്‍ക്കണം.സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കു ഐവിആര്‍എസ് സംവിധാനം വഴി ടിക്കറ്റ് ലഭിക്കും. (ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുംപോലെ ) അതിനും കഴിയില്ലെങ്കില്‍, തിരക്കുള്ള ബസ് സ്റ്റോപ്പുകളില്‍ ഇന്ററാക്ടീവ് കിയോസ്കുകള്‍ ഉണ്ടാവും. റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റെടുക്കും പോലെ ടിക്കറ്റ് എടുക്കാം.

You might also like

Leave A Reply

Your email address will not be published.