വടക്കെ അമേരിക്കന്‍ വെജിറ്റെറിയന്‍ സൊസൈറ്റിയാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാരദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1977 ഒക്ടോബര്‍ ഒന്ന് മുതലാണ് സസ്യാഹാരദിനാചരണം ആരംഭിച്ചത്. തുടര്‍ന്ന് രാജ്യാന്തര സസ്യാഹാര സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സസ്യാഹാരദിനാചാരണം നടത്തി വരുന്നത്. ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ സസ്യാഹാര ശീലം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്‌ഷ്യം.
പരമ്പരാഗതമായി സസ്യാഹാരശീലം പിന്തുടര്‍ന്നിരുന്ന ഭാരതം സമ്പൂര്‍ണ്ണമായ മാംസാഹാരശീലത്തിലേക്ക് വരുന്ന ഇക്കാലത്ത് സസ്യാഹാര ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. മാംസാഹാരശീലം അനുവര്‍ത്തിച്ചു വന്നിരുന്ന അമേരിക്ക, യൂറോപ്പ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങള്‍ അടുത്തകാലത്ത് സസ്യാഹാര ശീലത്തിലേക്ക് നടന്നു വരുന്നു എന്നതാണ് ശ്രദ്ദേയമായ വസ്തുത.
സസ്യാഹാരത്തിന്‍റെ പ്രാധാന്യം പൊതു ജനങ്ങളില്‍ എത്തിക്കുന്നതിനായി ലോകമാകമാനം ധാരാളം സസ്യാഹാര ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. സസ്യാ ഹാരത്തിന്റെ ഗുണങ്ങളെക്കുറിച്ചും മാംസാഹാരത്തിന്റെ ദോഷങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം ജനങ്ങളില്‍ മൃഗസ്നേഹം വളര്‍ത്താനുള്ള ശ്രമങ്ങളും സസ്യാഹാര സംഘടനകളുടെ അഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്.കായ്കനികളും പഴങ്ങളും ഇലക്കറികളും ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും കിഴങ്ങുവര്‍ഗങ്ങളും എല്ലാം ഉള്‍പ്പെടുന്ന സസ്യാഹാരമാണ് . ആദിമ മനുഷ്യന്‍ ഇതെല്ലാം ആവോളം ആഹരിച്ച് സുഖമായി ജീവിച്ചുപോന്നു. ആധുനിക മനുഷ്യന്‍ അവന്റെ പരമ്പരാഗത ഭക്ഷണ ശീലങ്ങളില്‍നിന്നു വഴിമാറി സഞ്ചരിച്ചു രോഗാതുരനായി മാറി. ഇവിടെ അഭൂതപൂര്‍വ്വമാം വിധം രോഗാതുരമാകാന്‍ മാംസക്കൊതിയാര്‍ന്നനിലവിലുള്ള ജീവിത രീതിക്ക് നല്ല പങ്കുണ്ട് .
സസ്യാഹാരം പോഷകങ്ങളുടെ കലവറ
മനുഷ്യന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും സസ്യാഹാരത്തില്‍ സമ്പന്നമാണ്. അന്നജം, മാംസ്യം , കാര്‍ബോ ഹൈഡരേറ്റ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവയുടെ സമ്പൂര്‍ണ്ണമായ കലവറയാണ് സസ്യാഹാരം. വസ്തുതകള്‍ ഇതാണെന്നിരിക്കെ മനുഷ്യന്‍ നാക്കിന്‍റെ രുചി മാത്രം നോക്കി മാംസാഹാരത്തിന്റെ പിറകെ ഓടുന്നു.
സ്വദേശത്തും വിദേശത്തും നടന്ന വിവിധ ഗവേഷണ പഠനങ്ങള്‍ മാംസത്തിന്‍റെ ഉപയോഗം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. ജീവികളെ ഹിംസിക്കുക എന്നത് മഹാപാപമാണ് എന്നത് ആത്മീയമായ വശം. എന്നാല്‍ അവയെ ആഹരിക്കുന്നതിലൂടെ രോഗങ്ങള്‍ ഉണ്ടാകുന്നു എന്നത് ശാസ്ത്രീയ മായ വശവും .
ലോക പ്രശസ്തരായ മഹാന്മാരില്‍ പലരും സസ്യാഹാരികളാണ് എന്നറിയുക . നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ശ്രീനിവാസ രാമാനുജന്‍,ലിയോ ടോള്‍സ്റ്റോയ് , ബെര്‍ണാഡ് ഷാ, സോക്രട്ടീസ്, പ്ലൂട്ടോ , എമിലി ഡിക്കന്സന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ , മേരി ഷെല്ലി, ഡോ. ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, ആര്യഭട്ടന്‍, വിശ്വനാഥന്‍ ആനന്ദ്, സി.വി,രാമന്‍, ഡോ. എ .പി. ജെ. അബ്ദുല്‍ കലാം, മൈക്കില്‍ ജാക്സന്‍ , മാര്‍ട്ടിന നവരത്ന ലോവ, അമിതാഭ് ബച്ചന്‍, അമല ഇങ്ങനെ പോകുന്നു ഈ പട്ടിക.
ശക്തനാകാന്‍ സസ്യാഹാരം
സസ്യാഹാരം കഴിച്ചാല്‍ വേണ്ടത്ര ശക്തിയും തൂക്കവും ഉണ്ടാകില്ല എന്നാണ് പലരുടെയും ധാരണ. ഇത് തീര്‍ത്തും തെറ്റാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ ജീവിയായ ആന സസ്യാഹാരിയാണ് . അതുപോലെ ഏറ്റവുംകൂടുതല്‍ ശക്തിയുള്ള മൃഗമായ കുതിരയും സസ്യാഹാരിതന്നെ.