ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവണിന് ത്രസിപ്പിക്കുന്ന വിജയം. രണ്ട് സൂപ്പര്‍ ഓവറുകള്‍ പിറന്ന മത്സരത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സിനെ പഞ്ചാബ് കീഴടക്കിയത്.
രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സാണ് നേടിയത്. തുടര്‍ന്ന് പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്ത ക്രിസ് ഗെയ്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് രണ്ട് പന്ത് ബാക്കി നില്‍ക്കെ വിജയം നേടികൊടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ മായങ്ക് അഗര്‍വാള്‍ രണ്ട് ഫോറും ക്രിസ് ഗെയ്ല് ഒരു സിക്സും നേടി.
ആദ്യ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സാണ് എടുത്തത്. ജസ്പ്രീത് ബുംറയുടെ തീപാറുന്ന പന്തുകളാണ് പഞ്ചാബിനെ ചെറിയ റണ്‍സില്‍ ഒതുക്കിയത്. തുടര്‍ന്ന് ആറ് റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ മുംബൈക്കു വേണ്ടി രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡി കോക്കുമാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. എന്നാല്‍ മുഹമ്മദ് ഷമി മുംബൈയെ അഞ്ച് റണ്‍സില്‍ ഒതുക്കി മത്സരം രണ്ടാം സൂപ്പര്‍ ഓവറില്‍ എത്തിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് അവസാന പന്തില്‍ സമനില പിടിക്കുകയായിരുന്നു.
പഞ്ചാബിനായി രാഹുല്‍ വീണ്ടുമൊരു അര്‍ധ ശതകം നേടി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ജസ്പ്രീത് ബുംറയുടെ ഓവറില്‍ താരം പുറത്തായപ്പോള്‍ പഞ്ചാബിന് കാലിടറുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ദീപക് ഹൂഡയും ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തിന് ഒരു റണ്‍സ് അകലെ വരെ ടീമിനെ എത്തിച്ചത്.
ടോസ് നേടിയ മുംബൈ ബാറ്റ് കൈയിലെടുക്കുകയായിരുന്നു. ഡികോക്ക് 43 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും അടക്കം 53 റണ്‍സ് എടുത്തു. 12 പന്തില്‍ നാല് സിക്സും ഒരു ഫോറും അടക്കം 34 റണ്‍സുമായി പുറത്താകാതെനിന്ന കിറോണ്‍ പൊള്ളാര്‍ഡ് അവസാന ഓവറുകളില്‍ റണ്ണുയര്‍ത്തിയത്. കൃണാല്‍ പാണ്ഡ്യ 34 റണ്‍സ് നേടി.