സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാം; കുട്ടികള്‍ എന്തുചെയ്യണം? മാര്‍ഗ്ഗനിര്‍ദേശങ്ങളവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഭാഗമായി രാജ്യത്തെ സ്കൂളുകളും കോളജുകളും ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തീരുമാനം എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് പിന്നാലെ തുറക്കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം. ഹാജറിന്‍റെ കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്നും നിര്‍ദേശമുണ്ട്. കുട്ടികളെ ക്ലാസില്‍ വരാന്‍ നിര്‍ബന്ധിക്കരുത്. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും പറയുന്നുണ്ട്. കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വീറ്റ് വഴിയാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അറിയിച്ചിരിക്കുന്നത്.
സുപ്രധാന നിര്‍ദേശങ്ങള്‍
1. ലാബുകള്‍, ലൈബ്രറികള്‍, ക്ലാസ് മുറികള്‍ തുടങ്ങി സ്കൂളിലെ എല്ലാ ഏരിയകളും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
2. അകത്തളങ്ങളില്‍ വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കണം.
3. ക്ലാസ് മുറികള്‍ ക്രമീകരിക്കുമ്ബോള്‍ സാമൂഹിക അകലം ഉറപ്പാക്കുന്ന തരത്തിലായിരിക്കണം ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടത്.
4. സ്കൂളുകളില്‍ ചടങ്ങുകളും പൊതു പരിപാടികളും ഒഴിവാക്കണം.
5. വിദ്യാര്‍ഥികള്‍ക്കും സ്കൂളിലെ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും ഫേസ് മാസ്ക് നിര്‍ബന്ധം. ഇത് മുഴുവന്‍ സമയവും ധരിക്കുന്നുവെന്ന് ഉറപ്പാക്കണം.
6. കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ അനുയോജ്യമായ ഇടങ്ങളില്‍ സ്ഥാപിക്കണം.
7. സ്കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കു മാതാപിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധം. വീട്ടിലിരുന്ന് പഠിക്കാന്‍ താത്പ്പര്യം ഉള്ളവര്‍ക്ക് അതിനും അനുമതി നല്‍കണം. കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരേണ്ടതില്ല.
8. എല്ലാ ക്ലാസുകളിലെയും അക്കാദമിക് കലണ്ടറില്‍ വ്യത്യാസം വന്നിട്ടുണ്ട്. പ്രത്യേകിച്ചും ഇടവേളകളും പരീക്ഷകളും സംബന്ധിച്ച്. സ്കൂളുകള്‍ തുറക്കുന്നതിന്ന മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
9.സ്കൂളുകളില്‍ അല്ലെങ്കില്‍ വിളിച്ചു വരുത്താവുന്ന ദൂരത്തില്‍ മുഴുവന്‍ സമയ ആരോഗ്യവിദഗ്ധരുടെ സേവനം ഉറപ്പാക്കണം. വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക ആരോഗ്യം മുന്‍നിര്‍ത്തി ഡോക്ടര്‍/നഴ്സ്/കൗണ്‍സിലര്‍ തുടങ്ങി ആരു വേണമെങ്കിലും ആകാം.
10. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യ പരിശോധന നടത്താനുള്ള സംവിധാനങ്ങളും ഒരുക്കാം.
11. കുട്ടികളുടെ പോഷകസംബന്ധമായ ആവശ്യങ്ങള്‍ കണക്കിലെടുത്തും പ്രതിരോധ ശേഷം സംരക്ഷിക്കുന്നതിനുമായി പാകം ചെയ്ത ഭക്ഷണം സര്‍ക്കാര്‍ ഇടപെട്ട് വീടുകളില്‍ എത്തിക്കണം. അങ്ങനെ കഴിയുന്നില്ലെങ്കില്‍ അതിന് തുല്യമായ സാമ്ബത്തിക സഹായം നല്‍കണം.
12. സാമൂഹിക അകലത്തിനൊപ്പം ഭക്ഷ്യസുരക്ഷ, ആരോഗ്യം, ശുചിത്വം എന്നീ കാര്യങ്ങള്‍ ഉറപ്പാക്കണം.