സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും കൂട്ടരെയും നിയമക്കുരുക്കില്‍ പൂട്ടാന്‍ തീരുമാനിച്ചുറച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0

പ്രതികള്‍ക്ക് ജാമ്യം ലഭ്യമാകാതിരിക്കാന്‍ സുപ്രീം കോടതിയിലെ തലമുതിര്‍ന്ന അഭിഭാഷകരെയാണ് കേന്ദ്രം രംഗത്തിറക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ സൂര്യപ്രകാശ് വി. രാജു അടങ്ങുന്ന സംഘമാണ് സ്വപ്‌നയ്‌ക്കും കൂട്ടര്‍ക്കുമെതിരെ ഹാജരായത്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച സൂര്യപ്രകാശ് വി. രാജുവിന്റെ രംഗപ്രവേശം.നയതന്ത്ര ചാനല്‍ വഴിയുള്ള സ്വ‌ര്‍ണക്കടത്തിലൂടെ സമ്ബാദിച്ച കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച്‌ ഇ.ഡി രജിസ്‌റ്റര്‍ ചെയ‌്ത കേസില്‍ സ്വപ്‌നയ്‌ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ഘട്ടം വന്നതോടെയാണ് സുപ്രീം കോടതിയിലെ ‘കരിമ്ബുലി’കളെ രംഗത്തിറക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ചടുലനീക്കം എന്നത് ശ്രദ്ധേയമാണ്. സ്വര്‍ണക്കടത്ത് കേസ് അതിഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നതെന്ന സൂചനകൂടിയാണിത്. ഓണ്‍ലൈനായി ഡല്‍ഹിയില്‍ നിന്നായിരുന്നു സൂര്യപ്രകാശ് വി. രാജു വാദിച്ചത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി മുഖ്യപ്രതികൂടിയായ സ്വപ്‌ന നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒക്ടോബര്‍ 13ന് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന ജാമ്യാപേക്ഷ നല്‍കിയത്.കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായ 17 പേരില്‍ 10 പേര്‍ക്കും ജാമ്യം ലഭിച്ചത് വന്‍ തിരിച്ചടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞ ഇ.ഡി. കേസില്‍ പ്രധാനപ്രതി സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചാല്‍, എന്‍.ഐ.എ. കോടതിയിലും സമാനവിധി വന്നേക്കുമെന്ന തിരിച്ചറിവിലാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സംസ്ഥാനങ്ങളിലെ കോടതികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ നേരിട്ട് ഹാജരാകുന്നത് അപൂര്‍വമാണ്. പ്രധാന കേസുകളില്‍ കീഴ്‌കോടതികളില്‍ സാധാരണ കേന്ദ്രത്തിനായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍മാരാണ് ഹാജരാകാറുള്ളത്. സി.ബി.ഐ., എന്‍.ഐ.എ, കസ്റ്റംസ്, ഇ.ഡി. എന്നിവയ്‌ക്കെല്ലാം പ്രത്യേക അഭിഭാഷകരുമുണ്ട്.അതിനിടെ, കേസിലെ മുഖ്യപ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ്‌, കെ.ടി. റമീസ്, എ.എം. ജലാല്‍, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി. അബ്ദു, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരുടെ റിമാന്‍ഡ് കാലാവധി 90 മുതല്‍ 180 ദിവസംവരെ നീട്ടാന്‍ എന്‍.ഐ.എ കോടതിയില്‍ അപേക്ഷനല്‍കി. ജൂലായ് പത്തിനാണ് കേസെടുത്തതെന്നും വിദേശത്തുള്‍പ്പെടെ ഗൂഢാലോചന നടന്നിട്ടുള്ള കേസില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ഡിവൈ.എസ്.പി രാധാകൃഷ്‌ണപിള്ള നല്‍കിയ അപേക്ഷയില്‍ പറയുന്നു.

സ്വപ്നയുടെ ചാറ്റുകള്‍ വീണ്ടെടുത്തു

നയതന്ത്രബാഗ് വിട്ടുകിട്ടാന്‍ സ്വപ്ന തന്റെ ഐഫോണുകളില്‍ നിന്ന് സരിത്തിനോടും മറ്റുള്ളവരോടും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ വീണ്ടെടുത്തെന്ന് എന്‍.ഐ.എ അറിയിച്ചു. ഇതു സ്വപ്ന ഡിലീറ്റ് ചെയ്തിരുന്നു. പ്രതികളില്‍ നിന്ന് 89 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കായി സി -ഡാക്കിന് കൈമാറി. ഇതില്‍ 17 ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്.

ശിവശങ്കറിനെയും സ്വപ്‌നയെയും ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനേയും മുഖ്യപ്രതി സ്വപ്ന സുരേഷിനേയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണിയോടെയാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തത വരാനുളളതെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച തുകയുടെ ഉറവിടത്തെ കുറിച്ച്‌ അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോട് സ്വപ്നയ്ക്കായി ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘങ്ങള്‍ പ്രതികളല്ലാത്ത ഒരാളെ ഇത്രയധികം ചോദ്യം ചെയ്യുന്നത് ശിവശങ്കറിനെ മാത്രമാണ്. എന്‍.ഐ.എ നേരത്തെ മൂന്ന് തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത്. കസ്റ്റംസ് വെള്ളിയാഴ്ച രണ്ടാം തവണയാണ് വിളിപ്പിച്ചത്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

You might also like

Leave A Reply

Your email address will not be published.