1952 ല്‍ തന്റെ 26-ാം വയസ്സിലാണ് അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതുന്നത് : പ്രവാചകന്റെ ദര്‍ശനം
1958 ല്‍ അത് പുസ്തകരൂപത്തില്‍ പുറത്തു വന്നു. ഇന്നോളം ഈ കാവ്യത്തിന്റെ ബഹുതല സ്പര്‍ശിയായ ധാരാളം പാഠങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. പ്രബുദ്ധ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ഇതിനിടയില്‍ പല മട്ടുമാറി. തത്വശാസ്ത്രങ്ങളുടെ, ഭരണ,പ്രതിപക്ഷ പ്രസ്ഥാനങ്ങളുടെ എണ്ണവും എണ്ണിയാല്‍ തീരാത്ത അണികളും ഏറി. രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിച്ചത് എന്ന അര്‍ത്ഥത്തില്‍ നിന്ന് ‘അവനവനിസത്തി’ലേക്ക് കൂറുമാറി. സാംസ്‌കാരിക രംഗം കൂലിയെഴുത്തുകൊണ്ട് സജീവമായി. കേരളം അടിമുടി പരിവര്‍ത്തിപ്പിക്കപ്പെട്ട 21-ാം നൂറ്റാണ്ടിന്റെ ചരിത്രമിതാണ്.
ഇതി-ഇഹ-ആസീത്….
‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ഒറ്റപ്പെട്ടുപോയിരിക്കുന്നു. ‘ഇതി ഇഹ ആസീത് ഇതിഹാസഃ’—– ‘ഇവിടെ ഇപ്രകാരം സംഭവിച്ചിരിക്കുന്നു’ എന്ന അര്‍ത്ഥത്തില്‍ ഈ ‘ഇതിഹാസം’ പ്രസക്തമാണ്. ഭൂതകാലാനുഭവങ്ങളുടെ ഭാവനാത്മകമായ വര്‍ണ്ണനയെ, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെ കര്‍മ്മകാണ്ഡങ്ങളെ പ്രയോഗതത്ത്വമാക്കാന്‍ ഈ കൃതിയെ തലയിലേറ്റുന്നവര്‍ പോലും തയ്യാറാകുന്നില്ല. സായുധ വിപ്ലവ സാരഥിയായി സ്വയമവരോധിതനായവന്റെ ബോധോദയങ്ങളും ഏറ്റുചൊല്ലിപ്പറയുന്ന അത്യാചാരങ്ങളുടെ മനസ്താപകഥകളും സ്വാതന്ത്ര്യം എന്ന മുക്തിമാര്‍ഗ്ഗത്തിന്റെ കാവ്യകലാതന്ത്രവും സവര്‍ണ്ണ ഭാരമായി ഇപ്പോഴും കവി ചുമക്കുന്നു. അധികാരം, മോചനശാസ്ത്രം ഈ വിരുദ്ധദ്വന്ദ്വങ്ങളുടെ സങ്കീര്‍ണ്ണ സാമരസ്യം ഏത് ഇസങ്ങളുടെ നൈതിക ബോധത്തെയാണ് ഇന്നുവരെ അസ്വസ്ഥമാക്കിയിട്ടുള്ളത്?”
മനുഷ്യത്വമെന്ന മഹാകവി
”പിച്ച നല്‍കാന്‍, അച്ഛനമ്മ-‘
മാരെപ്പരിചരിക്കുവാന്‍,
മനഃസുഖം തരും ദൈവ-
ശക്തിയെപ്പറ്റിയോര്‍ക്കുവാന്‍
സഹധര്‍മ്മിണിതന്നന്തര്‍-
ദുഃഖം പങ്കിട്ടെടുക്കുവാന്‍,
സ്വന്തരക്തപ്പൊടികളെ-
ച്ചിരിപ്പിച്ചു രസിക്കുവാ” നുള്ള ‘സാമൂഹിക മൂല്യനീതി’ (‘ദൈവശക്തി’ എന്ന പ്രയോഗം തന്നെ) കവിതയില്‍ മാത്രമൊടുങ്ങുന്നിടത്താണ് നീതിദേവത അന്ധകാരനിറം കൊണ്ട് കണ്ണുകള്‍ മൂടിക്കളയുന്നത്. ഇങ്ങനെ ചരിത്രസംഭവങ്ങളുടെ തനിയാവര്‍ത്തനങ്ങളില്‍ കവി പ്രവാചക ശബ്ദമായി ഒറ്റപ്പെട്ടു പോകുന്നിടത്താണ് ഭാവി പൗരന്റെ അകാല ജീവിതവ്യഥകള്‍ അറുതിയില്ലാതെ തുടരുന്നത്.
എന്നിട്ടും വീണ്ടുമേതോ ചരിത്ര സന്ധികളെ നിര്‍വ്വചിക്കാനായി വിസ്‌ഫോടനങ്ങളുടെ ഗര്‍ഭഗൃഹം പോലെ മഹാപ്രവചനങ്ങളുടെ മന്ത്രശാലപോലെ ആത്മസാക്ഷാത്കാരങ്ങളുടെ മഹാകാശമൊരുക്കി മലയാളത്തില്‍ ഒരു കാവ്യം കാത്തിരിക്കുന്നു. വിശ്വ മാനവ സങ്കല്‍പ്പത്തോളം വളര്‍ന്ന് ഒരോ ജീവാത്മാവിലെയും താനെന്ന സത്തയെ അളന്ന് തളര്‍ന്നു പോകുന്ന മനുഷ്യത്വമാണ് ഈ മഹാകവി. ഈ സാത്മീകരണം തന്നെയാണ് കവിയുടെ ജയവും പരാജയവും.
മര്‍ദ്ദിതര്‍ക്കുള്ള നീതിശാസ്ത്രം
സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി ഈ സൂചകങ്ങളുടെ ധ്വന്യാര്‍ത്ഥമാണ് സഹൃദയന്റെ ഉള്‍ക്കാഴ്ചകളായി പൊടിക്കേണ്ടത്. ആ അനുഭവ സാകല്യങ്ങള്‍ എല്ലാക്കാലത്തും ഓരോ മനുഷ്യനിലും സമാനമാകുന്ന സാധ്യതകളാണ് ‘ഇതിഹാസ’ത്തിലുള്ളത്.
”വിഷമുള്ളതിനെക്കൊന്നു-
മില്ലാത്തതു വിഴുങ്ങിയും” എന്ന ഇടശ്ശേരിയുടെ വരികള്‍ ഹൃദയപൂര്‍വ്വമാശംസിക്കാനൊന്നുമില്ലാത്ത മനുഷ്യത്വരഹിതമായ പൂര്‍വ്വകാലത്തിന്റെ മറ്റൊരു രേഖയാണ്.
സമത്വസുന്ദരലോകം കെട്ടിപ്പടുക്കാനുള്ള പ്രത്യയശാസ്ത്രങ്ങള്‍ മര്‍ദ്ദിതരുടെ രീതിശാസ്ത്രമാക്കി വിളമ്ബുമ്ബോള്‍,
”ആദ്യം വിശ്വപ്രേമമാം നല്‍-
പ്പാലുതന്നെ കൊടുത്തുഞാന്‍
വഴിയെപ്പാലില്‍ ഞാന്‍ ചേര്‍ത്തി
തല്‍പ്പം വിദ്വേഷമാം വിഷം”
ഇവിടെ രണ്ടുവട്ടം ആവര്‍ത്തിക്കുന്ന ‘ഞാന്‍’ വിഷം കലര്‍ത്തിയ മാനവികതയുടെ മരവിച്ച പ്രായോഗിക വാദത്താല്‍ എനിക്കുനേരെ ചൂണ്ടിയ എന്റെ വിരലവഗണിച്ച് ‘നരവര്‍ഗ്ഗനവാതിഥികള്‍ക്ക് വിപ്ലവത്തിന്റെ സത്ക്കാരമൊരുക്കുകയാണ്.’
”വേലക്കാരും കൃഷിക്കാരും
തരുന്ന കടുകാപ്പിയും
വറ്റില്ലാക്കഞ്ഞിയും” കൊണ്ടാണ് കുട്ടിനേതാക്കള്‍ തടിച്ചുകൊഴുക്കുന്നത്. പൊളിഞ്ഞ പത്തായങ്ങളും വിള കയ്യേറലും പൊരിഞ്ഞ പ്രസംഗങ്ങളും നീണ്ട ചരിത്രത്തില്‍ മുക്തിയുദ്ധമൊരുക്കുവാന്‍ അന്യന്റെ കീശയില്‍ കയ്യിട്ടുവാരുന്ന ‘പിരിവുകളും’ പതിവാകുന്നു.
കാടാകുന്ന ഒറ്റമരം
ഇങ്ങനെ മനുഷ്യത്വത്തിന്റെ പൊരുള്‍ ഊറ്റിയെടുത്ത് യഥാര്‍ത്ഥ സ്വപ്നം കാണാന്‍, ആത്മാര്‍ത്ഥമായി കരയുവാന്‍, ഹൃദയപൂര്‍വ്വം ചിരിക്കുവാന്‍, പ്രാണന്‍ നല്‍കി പ്രണയിക്കുവാന്‍, ജീവിത ദര്‍ശനങ്ങള്‍ക്കായി കല നിര്‍മ്മിക്കുവാന്‍, സമൂഹത്തോടുള്ള മൂല്യനീതികള്‍ക്കു വഴങ്ങുവാന്‍ വശമില്ലാത്ത പുതുതലമുറയുടെ സ്രഷ്ടാക്കളും വക്താക്കളുമായി നാമോരുത്തരും വേഷം മാറി. കുത്തനെ നിര്‍ത്തിയ മൈക്കിനു മുന്നില്‍ കെട്ടിയുയര്‍ത്തിയ വേദാന്തങ്ങളുടെ ചീട്ടുകൊട്ടാരങ്ങള്‍ ‘ഇടിഞ്ഞുപൊളിഞ്ഞ ലോക’ മാകുന്നത് സ്ഥിരം കാഴ്ചയായി. ‘ഒരു പുണൂല്‍ക്കാരന്റെ മനോരാജ്യങ്ങള്‍ സഹജാനുകമ്ബയാല്‍ നിത്യനിര്‍മ്മല പൗര്‍ണ്ണമി സ്വപ്നം കണ്ടും ആന്ധ്യങ്ങളിലെ സൂര്യപ്രതീക്ഷയായും വീണ്ടും മുളയ്ക്കുന്ന പൊടിപ്പുകളാല്‍ പിന്നെയും കാട്ടുകള്‍ തീര്‍ക്കുന്നു.
ഈ കാടുകയറല്‍ ഒരു ദര്‍ശന പരിധിയല്ല., കവിയുടെ ദര്‍ശന പരിമിതിയുമല്ല.
സമാനതകളുടെ മനോവിജ്ഞാനീയം
സ്വര്‍ഗ്ഗഖണ്ഡത്തിലെ ബാലത്വം,
”അതിഹ്രസ്വങ്ങളന്നത്തെ-
ദ്ദിവാനിശകളാകവേ;
ഉറങ്ങും മുന്‍പുണരണം
കളി തീരാതെ നിര്‍ത്തണം” എന്ന ദേവഭാവനയുടെ സുഖം മുറ്റിയ നാളുകളാണ്. ഇത് കേവലമൊരു വ്യക്തിയുടെ ജീവിത സമാനതയല്ല. അവിടെ നിന്ന് ‘അഹംഭാവ പരപ്പിന്റെ യൗവനനാളുകളിലേക്കുള്ള’ ‘നരക’ വേദനകള്‍ സ്വയം തിരിച്ചറിയലിന്റേതാണ്.
വെളിച്ചം ദുഃഖമാണെന്നും തമസ്സാണ് സുഖപ്രദമെന്നുമുള്ള ഈ വീണ്ടുവിചാരത്തില്‍ നരകതീക്ഷ്ണതയിലൂടെ ഇതിഹാസത്തിലെ നരവര്‍ഗ്ഗ പ്രതിനിധി എന്‍.വിയുടെ ‘മദിരാശിയിലെ സായാഹ്നവും’ കടന്നു പോകുന്നുണ്ട്.
”തുറന്നു പറയാമെന്നേ
പ്പാലൂട്ടിയ ചിരക്ഷമേ
ഞാനെന്നുടപ്പിറന്നോരോ-
ടനുഷ്ഠിച്ചവിധങ്ങളേ” യെന്ന ‘പാതാള’ത്തിന്റെ മുഴക്കം മനുഷ്യത്വക്കനി തുരക്കലാണ്.
‘ഭൂമി’ യോടടുക്കുമ്ബോള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ക്ക് ഇവിടെ മാനഹാനിയുടെ പ്രതിച്ഛായയില്ല.
”ആശിപ്പേനിബ്ഭൂമിനന്നാ-
ക്കീടുവാനെങ്കിലാദ്യമായ്
എന്നിലുള്ള കളങ്കത്തെ-
ക്കഴുകിക്കളയാവൂ ഞാന്‍” എന്ന ആദര്‍ശാക്മക ഭൂതകാരുണ്യം വിതയ്ക്കുന്നതു മാത്രം കൊയ്യാന്‍ പരുവപ്പെട്ട മണ്ണിലാണ് കവി വിതയ്ക്കുന്നത്.
”തോക്കിനും വാളിനും വേണ്ടി-
ച്ചെലവിട്ടോരിരുമ്ബുകള്‍
ഉരുക്കിവാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍
ബോംബിനായ് ദുര്‍വ്യയം ചെയ്യു-
മാണവോല്‍ബണശക്തിയാല്‍
അന്ധഗ്രാമക്കവലയില്‍
സ്‌നേഹ ദീപം കൊളുത്തുക” എന്ന ആഹ്വാനവും എഴുതിയ കാലത്തിനിപ്പുറം ഒരു കവിയെ നിര്‍ണയിച്ച ഋഷിത്വത്തെയാണ് വെളിപ്പെടുത്തുന്നത്.
അന്യാധീനപ്പെട്ടുപോയ മണ്ണിന്റെയും മനുഷ്യന്റെയും ജൈവികചോദനകള്‍ക്ക്, വെട്ടിനിരത്തിയാലും വീണ്ടും മുളയ്ക്കാനുള്ള ഉല്‍ക്കടാഗ്രഹങ്ങള്‍ക്ക് അഴിക്കുംതോറും മുറുകുന്ന ഒരു മനോവിജ്ഞാനീയ തലം കൂടിയുണ്ട്. പുരോഗമനത്തിന്റെ ആ പ്രകൃതി ബിംബങ്ങള്‍ പ്രപഞ്ചം പോലെ വിശാലവും കാലം പോലെ അനാദിയുമാകുന്നിടത്താണ് ‘ഇതിഹാസ’ത്തിലെ സത്യം കൂടിയിരിക്കുന്നത്.
കാവ്യകലയുടെ വാങ്മയ ചിത്രം
ജീവിതത്തിന്റെ പച്ചയും ചുവപ്പും നീലയും വെള്ളയും ചാലിച്ച് ചേര്‍ത്തൊരുക്കിയ ചിത്രമെഴുത്താണ് കാവ്യത്തിലെ നാലുഖണ്ഡങ്ങള്‍. കവി ചരിത്രത്തിന്റെ ചിത്രമെഴുതുന്നു. അനുഭവങ്ങളുടെ മഷിപ്പടര്‍പ്പുകളില്‍ കൂടുതലും സര്‍റിയലിസ്റ്റിക്ക് നിറമാണുള്ളത്. ഇതിഹാസ കല്‍പ്പിത (അനുഷ്ടുപ്പ്) വൃത്തത്തില്‍ പ്രകരണ വക്രതയുടെ ശൈലീകൃത വിന്യസനത്തിലൂടെ രൂപഭാവങ്ങളെ പ്രതിഷ്ഠിച്ച ഒരു വാങ്മയ ചിത്രം. വിരുദ്ധ ദൃശ്യങ്ങളെ സവിശേഷമായി ഘടിപ്പിക്കുന്ന ചില വിഷ്വല്‍ ഇമേജറികളുടെ ഘോഷയാത്ര. ആധുനിക കാലത്തിന്റെ എടുത്തണിയലുകള്‍ ഒന്നും കുറഞ്ഞിട്ടില്ല. ആര്‍ഷ ഗരിമയുടെ അത്യന്തിക വ്യക്തി സങ്കല്‍പ്പങ്ങള്‍ക്ക്, വേദത്തിലെ സംവാദസൂക്തത്തിന് ഒരിടിവും സംഭവിച്ചിട്ടില്ല. അവിടെ സ്ഥിതിസമത്വവാദത്തിന്റെ പൊള്ളത്തരങ്ങളില്‍ നിന്ന് ദളിത് വത്ക്കരിക്കപ്പെട്ടത് വ്യക്തിയോ സമൂഹമോ അല്ല. താന്‍ തന്നെയാണ് എന്ന പാഠമാണ് ‘ഉത്തമപുരുഷനായ’ കവിയിലെ ‘സാവര്‍ണ്ണ്യ’ത്തിന്റെ ഭാരം. ‘എനിക്ക്’ പേരില്ലാതെയാകുമ്ബോഴാണ് ‘ഞാന്‍’ നീയും നമ്മളും ഈശ്വരനുമൊക്കെയാകുന്നത് എന്ന തിരിച്ചറിവിലാണ് ഇതിഹാസത്തിലെ സാമ്യവാദത്തിന്റെ പ്രസക്തി.
ഭാവി പൗരന്റെ വൈതരണികള്‍
കമ്മ്യൂണിസ്റ്റ് ഭരണ തകര്‍ച്ച, ആഗോളമുതലാളിത്തം, വിവരസാങ്കേതിക വിദ്യയുടെ വ്യാപനം, പാരിസ്ഥിക പ്രതിസന്ധി, മതമൗലികവാദം, പ്രാദേശിക വാദം, വംശീയവാദം, വര്‍ഗ്ഗീയവാദം, ഭീകരവാദം, യുദ്ധങ്ങള്‍, ആയുധനിര്‍മ്മാണങ്ങള്‍, ജൈവായുധ-ആണവ പരീക്ഷണങ്ങള്‍, പകര്‍ച്ചവ്യാധികാലത്തെ നവ സമ്ബദ് വ്യവസ്ഥകള്‍, സാംസ്‌കാരിക രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്നിങ്ങനെയുള്ള പ്രതിസന്ധികളിലൂടെ തുടര്‍ന്നുവരേണ്ട ജീവിത സമീകരണ പ്രക്രിയയാണ് 21-ാം നൂറ്റാണ്ടിലെ ഭാവിപൗരന് അഭിമുഖീകരിക്കേണ്ടിവരുന്നത്. എഴുതിവെയ്ക്കപ്പെട്ട നൈതിക നിയമങ്ങള്‍ക്കപ്പുറം മനുഷ്യനൊന്നാകേണ്ടി വരുന്ന ഒരു ആവാസ വ്യവസ്ഥയുടെ ദാര്‍ശനിക സംതുലനം സമീപസ്തമായിരിക്കുന്ന കാലം.
”പുല്ലാണവന് കാന്താരം
പര്‍വ്വതം പാഴ്മണല്‍ത്തരി
സമുദ്രമിറവെള്ളം, വി-
ണ്ടലമോ കുടവട്ടവും” എന്ന അധൃഷ്യതയുടെ തലപ്പാവ് മനുഷ്യന്‍ അഴിച്ചുകളഞ്ഞേ മതിയാകൂ…
ഇതിഹാസത്തിന്റെ പ്രസക്തി
നവതിയാഘോഷിച്ച പ്രവാചകന്റെ വാക്കുകള്‍ ദശാബ്ദങ്ങള്‍ക്കിപ്പുറവും സത്യമാകുന്ന ചരിത്ര മുഹൂര്‍ത്തം. തോക്കിനും വാളിനും വേണ്ടി ചിലവാക്കിയ ഇരുമ്ബുരുക്കി കലപ്പകള്‍ തീര്‍ക്കേണ്ട കാലം. മനുഷ്യത്വക്കനി തുരന്നു മാതൃകയാകേണ്ട മഹാമാരികളുടെ കാലം …. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഇരുപത്തൊന്നിലും പ്രസ്‌ക്തമാകുന്നതിങ്ങനെയൊക്കെയാണ്.
ഡോ: ആര്‍. അശ്വതി