എഴുത്തിലൂടെയും ആരാധകരെക്കൂട്ടിയ ഒബാമയും മിഷേലും

0

എല്ലാവരും ആശങ്കയോടെ കാണുന്ന ഈ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊക്കെ മാറിമായങ്ങളും സാധാരണമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ബൈഡനും ട്രംപും കമലയുമൊക്കെ താരമായിരുന്നു. തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അടങ്ങിയിട്ടില്ലാത്ത അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുസ്തകത്തെപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ (വാഗ്ദത്ത ഭൂമി) എന്ന ഓര്‍മ്മക്കുറിപ്പിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ദിവസം 8.87 ലക്ഷം കോപ്പികളാണ് വിറ്റുപോയത്.യുഎസിലും കാനഡയിലുമായി പ്രീ ഓര്‍ഡറുകള്‍ ഉള്‍പ്പെടെയാണ് ഇത്രയും കോപ്പികള്‍ വിറ്റത്. ഒബാമയുടെ ഭാര്യ മിഷേലിന്റെ പുസ്തകത്തിനും വന്‍ ഡിമാന്റ് ആയിരുന്നു. ഇപ്പോള്‍ മിഷേലിന്റെ ബിക്കമിംഗ് എന്ന പുസ്തകം എ പ്രോമിസ്ഡ് ലാന്‍ഡിനൊപ്പം മത്സരിക്കുകയാണ്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സീല്‍ ടീം ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയതുവരെയുള്ള ഓര്‍മ്മകളാണ് ഒബാമ പുസ്തകത്തില്‍ വിവരിക്കുന്നത്. ഉള്ളടക്കം വിവരിച്ച്‌നൈജീരിയന്‍ എഴുത്തുകാരന്‍ ചിമാമണ്ട എന്‍ഗോസി അഡിച്ചി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയതിന് പിന്നാലെ പുസ്തകം വലിയ ചര്‍ച്ചയായിരുന്നു. വ്യക്തി ജീവിതത്തേക്കാള്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പുസ്തകം. ഇന്ത്യന്‍ നേതാക്കളായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും രാഹുല്‍ ഗാന്ധിയെയും കുറിച്ച്‌ പരാമര്‍ശമുണ്ട്. റഷ്യന്‍ മുന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, ജോര്‍ജ് എച്ച്‌ഡബ്ല്യു ബുഷ്, ജോ ബൈഡന്‍ തുടങ്ങിയ ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആധുനിക ചരിത്രത്തില്‍ പ്രസിഡന്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ വില്‍പ്പനയില്‍ ഒബാമ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ബില്‍ ക്ലിന്റന്റെ മൈ ലൈഫ് ആദ്യദിനം നാല് ലക്ഷം കോപ്പികളാണ് വിറ്റത്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഡിസിഷന്‍ പോയിന്റ്സ് 2.20 ലക്ഷം കോപ്പികളാണ് ആദ്യ ദിനം വിറ്റുപോയത്. ഇതുവരെ മൈ ലൈഫ് 3.5 മില്യണും ഡിസിഷന്‍ പോയിന്റ്സ് നാല് മില്യണ്‍ കോപ്പികളും വിറ്റഴിഞ്ഞിട്ടുണ്ട്. ഈ റെക്കോഡുകളെല്ലാം എ പ്രോമിസ്ഡ് ലാന്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദി ഒഡാസിറ്റി ഓഫ് ഹോപ്പ്: തോട്ട്സ് ഓണ്‍ റിക്ലെയ്മിങ് ദി അമേരിക്കന്‍ ഡ്രീം (2006), ഡ്രീംസ് ഫ്രം മൈ ഫാദര്‍: എ സ്റ്റോറി ഓഫ് റേസ് ആന്‍ഡ് ഇന്‍ഹെറിറ്റന്‍സ് (1995), ഓഫ് തീ ഐ സിംഗ്: എ ലെറ്റര്‍ ടു മൈ ഡോട്ടേഴ്സ് (2010, കുട്ടികളുടെ പുസ്തകം) എന്നിങ്ങനെ ഒബാമയുടെ പുസ്തകങ്ങള്‍ക്ക് വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നു.ഒബാമ മാത്രമല്ല, മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പുസ്തകങ്ങള്‍ക്കും ആരാധകര്‍ ഏറെയുണ്ടായിരുന്നു. 2018ല്‍ ബിക്കമിംഗ് എന്ന മിഷേലിന്റെ ഓര്‍മ്മക്കുറിപ്പ് ആദ്യ ദിനം 7.25 ലക്ഷം കോപ്പികളാണ് വിറ്റുപോയത്. ആദ്യ ആഴ്ചയില്‍ തന്നെ 1.4 മില്യണ്‍ കോപ്പികള്‍ വിറ്റു. ലോകമാകെ 10 മില്യണ്‍ കോപ്പികളാണ് ഇതുവരെ വിറ്റത്. ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഏറ്റവും ശക്തനായ ഒരു ഭരണാധികാരിയുടെ ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ കാത്തിരിക്കുയാണ്.
768 പേജുകളുള്ള ഈ പുസ്തകത്തെക്കുറിച്ച്‌ പറഞ്ഞാല്‍ എബ്രഹാം ലിങ്കണിന് ശേഷം അക്ഷരങ്ങളുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തിയ പ്രസിഡന്റായി വിശേഷിപ്പിക്കപ്പെടുന്നതും ബറാക് ഒബാമ തന്നെ. ഇതിനോടകം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളാണ്. ഡ്രീംസ് ഫ്രം മൈ ഫാദറും ദ് ഒഡാസിറ്റി ഓഫ് ഹോപ്പും. 2008 ല്‍ ഒബാമയെ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ഈ രണ്ടു പുസ്തകങ്ങളും സഹായിച്ചിട്ടുണ്ട്.

മിഷേലിന്റെ ബിക്കമിംഗ് എന്ന പുസ്തകവും ലോകപ്രശസ്തമാണ്. ലോകത്ത് ഏറ്റവും അധികം വിറ്റഴിഞ്ഞ ആത്മകഥകളിലൊന്നുമാണ്. എന്നാല്‍ പുസ്തകവുമായി മിഷേല്‍ നടത്തിയപോലുള്ള ലോകപര്യടനം കോവിഡ് സാഹചര്യത്തില്‍ ഒബാമയ്ക്ക് നടത്താന്‍ കഴിയില്ല എന്നൊരു വ്യത്യാസമുണ്ട്. രണ്ടു വര്‍ഷം മുമ്ബാണ് ബിക്കമിംഗ് പ്രസിദ്ധീകരിച്ചത്.
‘എനിക്കു മുന്നില്‍ തുറക്കപ്പെട്ട എല്ലാ വാതിലുകളും ഞാന്‍ മറ്റുള്ളവര്‍ക്കുവേണ്ടിയും തുറന്നിട്ടുണ്ട്. എനിക്കു നിങ്ങളോടു പറയാനുള്ളതും ഇതുതന്നെ. ക്ഷണിക്കുക. എത്തിച്ചേര്‍ന്ന ഓരോയിടത്തേക്കും മറ്റുള്ളവരെയും ക്ഷണിക്കുക. അപ്പോള്‍ നമുക്ക് പേടിക്കേണ്ടിവരില്ല. തെറ്റായ നിഗമനങ്ങളില്‍നിന്ന് രക്ഷപ്പെടാം. നമ്മെ വേര്‍തിരിക്കുന്ന എല്ലാ വ്യത്യാസങ്ങളില്‍നിന്നും മുന്‍വിധികളില്‍നിന്നും മോചനം പ്രാപിക്കാം.നമ്മുടെ വഴികളെല്ലാം ഒന്നുതന്നെയാണ് സുഹൃത്തേ. ഒരുമിച്ചാണു നമുക്ക് യാത്ര ചെയ്യേണ്ടത്; ഒറ്റയ്ക്കല്ല. മാതൃകയാകണമെന്നോ പൂര്‍ണത വേണമെന്നോ അല്ല ഞാന്‍ പറയുന്നത്. ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനെക്കുറിച്ചുമല്ല. നമ്മുടേതായ വഴിയിലൂടെ മുന്നോട്ടുപോകുന്നതിനെക്കുറിച്ച്‌. ആ യാത്രയില്‍ മറ്റുള്ളവരെയും കേള്‍ക്കുകയാണെങ്കില്‍, അവരെ മനസ്സിലാക്കുകയാണെങ്കില്‍ ആ യാത്രയ്ക്ക് ഒരു സൗന്ദര്യമുണ്ടാകും. അസാധാരണമായ ഐശ്വര്യവും തിളക്കവുമുണ്ടാകും. എന്നെ സംബന്ധിച്ചടത്തോളം ഇതാണ് ലക്ഷ്യം; ഇതു മാത്രം”.- ( ബിക്കമിംഗ്-മിഷേല്‍ ഒബാമ)
മൂന്നു ഭാഗങ്ങളായി തിരിച്ച 24 അദ്ധ്യായങ്ങള്‍. പുറമെ ഒരു ആമുഖവും ഉപസംഹാരവും.രണ്ടു വര്‍ഷം മുമ്ബ് നവംബറില്‍ പുസ്തകം പ്രസിദ്ധീകരിക്കുമ്ബോള്‍ മറ്റൊരു പുസ്തകം എന്നു മാത്രമാണു ബിക്കമിംഗ് കരുതപ്പെട്ടതെങ്കില്‍ ഇന്ന് ഒരുപിടി റെക്കോര്‍ഡുകള്‍ ആ പുസ്തകത്തിന് സ്വന്തം; രചയിതാവായ മിഷേല്‍ ഒബാമയ്ക്കും. ഒരു പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ കാലം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചു ബിക്കമിംഗ്. വിറ്റഴിഞ്ഞതാകട്ടെ ദശലക്ഷക്കണക്കിന് കോപ്പികള്‍. വിവര്‍ത്തനം ചെയ്യപ്പെട്ടത് 24 ല്‍ അധികം ഭാഷകളിലേയ്ക്ക്. ബിക്കമിംഗ് ഇന്നു പരിഗണിക്കപ്പെടുന്നത് വെറുമൊരു പുസ്തകം എന്ന നിലയ്ക്ക് മാത്രമല്ല, ഒരു ഇതിഹാസമായിത്തന്നെ. ഒരു സാധാരണ പെണ്‍കുട്ടിയുടെ വൈറ്റ് ഹൗസിലേയ്ക്കുള്ള യാത്രയുടെ അസാധാരണ ആഖ്യാനം. സ്വപ്‌നം കാണുന്ന ഒരു പെണ്‍കുട്ടിയില്‍നിന്ന് അമേരിക്കന്‍ ഫസ്റ്റ് ലേഡിയായുള്ള വളര്‍ച്ചയുടെ കഥ. ലോകമെങ്ങും അംഗീകാരം നേടിയ ബിക്കമിംഗിന് വീണ്ടുമൊരു പുരസ്‌കാരം. പുസ്തകത്തിന്റെ ഓഡിയോ വെര്‍ഷനാണ് ഇപ്പോള്‍ പുരസ്‌കാരം നേടിയത്. അതും പ്രശസ്തമായ ഗ്രാമി പുരസ്‌കാരം തന്നെ.ബിക്കമിംഗ്് മി, ബിക്കമിംഗ് അസ്, ബിക്കമിംഗ് മോര്‍ എന്നിങ്ങനെയാണു പുസ്തകത്തിന്റെ മൂന്നു ഭാഗങ്ങള്‍. ചിക്കാഗോയാണ് ആദ്യഭാഗത്തിന്റെ പശ്ചാത്തലം. മിഷേല്‍ എന്ന പെണ്‍കുട്ടിയുടെ കൗമാരത്തിന്റെയും യൗവനത്തിന്റെയും കഥ. പ്രിന്‍സ്ടണ്‍ സര്‍വകലാശാല, ഹര്‍വാഡ് ലോ സ്‌കൂള്‍, സിഡ്‌ലി ഓസ്റ്റിന്‍ എന്ന സ്ഥാപനത്തിന്റെ ഭാഗമായി അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത കാലം. ഇതേ കാലത്തുതന്നെയാണ് മിഷേല്‍ ബറാക്കുമായി അടുക്കുന്നതും. മിഷേല്‍ ഒബാമയിലേയ്ക്കുള്ള വളര്‍ച്ചയുടെ ആദ്യഘട്ടം. കാല്‍പനിക പ്രണയത്തിന്റെ തുടക്കത്തിലാണ് ആദ്യഭാഗം അവസാനിക്കുന്നതെങ്കില്‍ രണ്ടാം ഭാഗം തുടങ്ങുന്നത് വിവാഹത്തില്‍.ഇലിനോയിസ് സംസ്ഥാനത്ത് ഒബാമയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. അവസാനിക്കുന്നത് 2008 ലെ തിരഞ്ഞെടുപ്പ് രാത്രിയില്‍. രാജ്യത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച്‌ ബറാക് ഒബാമ പ്രസിഡന്റായി പ്രഖ്യാപിക്കപ്പെടുമ്ബോള്‍. ഇരുട്ടു വകഞ്ഞുമാറ്റി പ്രകാശത്തിന്റെ സൂര്യനുദിക്കുമ്ബോള്‍. പുസ്തകത്തിന്റെ അവസാനഭാഗം സമര്‍പ്പിച്ചിരിക്കുന്നത് വൈറ്റ് ഹൗസിലെ ജീവിതത്തിന്.

You might also like
Leave A Reply

Your email address will not be published.