കോട്ടയം: ആറ് ഇലക്‌ട്രിക് കാറുകളാണ് മോട്ടോര്‍ വാഹനവകുപ്പ്- സേഫ് കേരള എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന് ലഭിച്ചത്. നിലവില്‍ ജില്ലയില്‍ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളില്ല. ഇ-കാറുകള്‍ക്കായി അനെര്‍ട്ടിെന്റ ചാര്‍ജിങ് സ്റ്റേഷന് കലക്ടറേറ്റില്‍ സ്ഥാപിക്കാനാണ് തീരുമാനം.അതുവരെ ഓഫിസില്‍ തന്നെ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാനാണ് നിര്‍ദേശം. എട്ടുമണിക്കൂര്‍ ചാര്‍ജ് ചെയ്യണം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 310 കിലോമീറ്റര്‍ വരെ ഓടാമെന്ന് അധികൃതര്‍ പറയുന്നു. 24 മണിക്കൂറും വാഹനപരിശോധനക്ക് ഈ കാറുകള്‍ ഉപയോഗിക്കും.നിലവില്‍ വകുപ്പിന് പരിശോധനക്ക് ആവശ്യത്തിന് വാഹനങ്ങളില്ലായിരുന്നു.ഇന്ധനച്ചെലവ് കുറക്കുന്നതിനൊപ്പം പരിസര മലിനീകരണവും കുറക്കാനാകും. അനെര്‍ട്ടാണ് സംസ്ഥാനത്ത് എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന് ഇലക്‌ട്രിക് കാറുകള്‍ വാടകക്കെടുത്ത് നല്‍കിയിരിക്കുന്നത്. പുതുതായി ലഭിച്ച ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ച് വാഹന പരിശോധനയും ബ്ലാക്ക് സ്പോട്ടുകള്‍ (അപകട മേഖലകള്‍) കേന്ദ്രീകരിച്ച് പട്രോളിങ്ങും കൂടുതല്‍ കാര്യക്ഷമമായി നടത്തുമെന്ന് കോട്ടയം എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ ടോജോ എം. തോമസ് അറിയിച്ചു.