ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങളാണ് ചീയപ്പാറ, തൂവല്‍, വളഞ്ഞകാനം, അട്ടുകാട്, ലക്കം തുടങ്ങിയവ.എന്നാല്‍ അറിയപ്പെടാത്ത നിരവധി വെള്ളച്ചാട്ടങ്ങളാണ് ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ ഉള്ളത്. ചില വെള്ളച്ചാട്ടം കാണാന്‍ നിഷ്പ്രയാസം എത്തിച്ചേരാം എന്നാല്‍ മറ്റു ചില വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പോകുന്നത് അതീവ ദുഷ്‌കരമായിരിക്കും.ഇത്തരത്തിലുള്ള ഒരു വെള്ളച്ചാട്ടമാണ് പുന്നയര്‍ വെള്ളച്ചാട്ടം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അടിമാലി- കട്ടപ്പന റൂട്ടില്‍ കീരിത്തോട്ടില്‍ നിന്നും നാലര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പുന്നയറിലെത്തും.ഇവിടെനിന്നും രണ്ടു പാതവഴി വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. അരകിലോമീറ്റര്‍ ദൂരം കൃഷിയിടത്തിലൂടെ കാല്‍നട യാത്രചെയ്തു വേണം വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തിച്ചേരുവാന്‍. ആദ്യം വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്താണ് എത്തുക.നിരന്ന പറയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിലൂടെ നടന്ന് മറുകരയെത്താം. പുന്നയറിന്റെ ഒരുവശം മുളം കാടുകളും വള്ളിപ്പടര്‍പ്പുകളുമാണ്. മറ്റൊരുവശം നിരന്ന പാറ. നൂറടിയോളം ഉയരത്തില്‍ നിന്നും കിന്നാരം ചൊല്ലിയെത്തുന്ന ജലകണങ്ങള്‍ പാറക്കൂട്ടങ്ങളില്‍ തട്ടി മഞ്ഞുകണങ്ങളാകുന്നത് വിസ്മയ കാഴ്ച്ച തന്നെയാണ്. യാതൊരു വിധ ഭയാശങ്കയും കൂടാതെ വെള്ളത്തില്‍ ഇറങ്ങി കുളിക്കാം എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ദിനംപ്രതി ആയിരകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.