ആരാധകരെ നിരാശപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ എലിമിനേറ്ററില്‍ പുറത്തായി. വമ്ബന്‍ താരനിരയുണ്ടായിട്ടും ഐപിഎല്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് ബാംഗ്ലൂര്‍. ഈ നിരാശകള്‍ക്കിടയിലും മലയാളികള്‍ക്ക് ഏറെ അഭിമാനമാകുകയാണ് ആര്‍സിബി താരം ദേവ്‌ദത്ത് പടിക്കല്‍. മലയാളിയായ ദേവ്‌ദത്ത് പടിക്കലിന്റെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ മുഴുവനായും തൃപ്‌തിപ്പെടുത്തി. കോഹ്‌ലിയും ഡി വില്ലിയേഴ്‌സും അടക്കമുള്ള താരനിര നിരാശപ്പെടുത്തിയ മത്സരത്തില്‍ പോലും ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡിന് കരുത്തായത് ദേവ്‌ദത്ത് പടിക്കലാണ്.ബാംഗ്ലൂരിന് വേണ്ടി 15 മത്സരങ്ങള്‍ കളിച്ച ദേവ്‌ദത്ത് പടിക്കല്‍ അഞ്ച് അര്‍ധ സെഞ്ചുറികളോട് 473 റണ്‍സ് നേടി. 124.8 ആണ് പടിക്കലിന്റെ സ്ട്രൈക് റേറ്റ്. എട്ടി സിക്‌സും 51 ഫോറുമാണ് പടിക്കല്‍ ഈ സീസണില്‍ നേടിയത്. ബാംഗ്ലൂരിന്റെ എല്ലാ മത്സരങ്ങളിലും പടിക്കല്‍ ഓപ്പണര്‍ വേഷത്തിലാണ് എത്തിയത്. ആ സീസണിലെ മികച്ച അണ്‍ക്യാപ് താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് പടിക്കലിന്റെ സ്ഥാനം. ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് പടിക്കലിന്റേത്.ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയാണ് ദേവ്‌ദത്ത് ലക്ഷ്യമിടുന്നത്. ഇടംകെെയന്‍ ബാറ്റ്‌സ്‌മാന്‍ ആണെന്നത് പടിക്കലിന് ഏറെ ഗുണം ചെയ്യും. ഇന്ത്യ വര്‍ഷങ്ങളായി പരീക്ഷിച്ചുവരുന്ന റെെറ്റ്-ലെഫ്‌റ്റ് ഓപ്പണിങ് കൂട്ടുക്കെട്ടിന് പടിക്കലിനെ ഉപയോഗിക്കാന്‍ സാധിക്കും. ശിഖര്‍ ധവാന് പകരക്കാരനായി ദേവ്‌ദത്ത് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല. പ്രായവും ദേവ്‌ദത്തിന് അനുകൂലമാണ്. 20 വയസ്സുള്ള പടിക്കലിന് ഓപ്പണര്‍ റോളില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഇന്ത്യയ്‌ക്ക് കുറേ വര്‍ഷത്തേക്ക് മറ്റൊരു താരത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കലവറയില്ലാത്ത പിന്തുണയും പടിക്കലിനുണ്ട്.”ദേവ്‌ദത്തിന്റെ ബാറ്റിങ് മികവിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. വളരെ കഴിവുള്ള താരമാണ്. ഏറെ ദീര്‍ഘവീക്ഷണമുള്ള ബാറ്റ്‌സ്‌മാനാണ്. ഷോട്ടുകളില്‍ കൃത്യതയുണ്ട്. റിസ്‌കുകളെടുക്കാന്‍ തയ്യാറുള്ള താരമാണ്. ഓരോ മത്സരവും മനസിലാക്കി കളിക്കാന്‍ അവന് അറിയാം.” എന്നാണ് കോഹ്‌ലി ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തികൊണ്ട് പറഞ്ഞത്.
ദേവ്‌ദത്ത് പടിക്കല്‍ വിരാട് കോഹ്‌ലിക്കൊപ്പം
മുന്‍ ഇന്ത്യന്‍ താരവും അണ്ടര്‍ 19 നാഷണല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ വെങ്കിടേഷ് പ്രസാദ് ദേവ്ദത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രധാനികളിലൊരാളാണ്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം ഐപിഎല്ലിലും ആവര്‍ത്തിക്കുന്ന ദേവ്ദത്തിന്റെ പ്രകടനത്തില്‍ അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അത്ഭുതവുമില്ല. ദേവ്ദത്തിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് പറഞ്ഞ പ്രസാദ് അദ്ദേഹം പലപ്പോഴും യുവരാജ് സിങ്ങിനെ ഓര്‍മ്മപ്പെടുത്താറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.”ഇത് ഞാന്‍ പറയുന്ന ആദ്യപടി മാത്രമാണ്, കാരണം ഒരു കളിക്കാരന്റെ യഥാര്‍ത്ഥ പരീക്ഷണം വലിയ മത്സരങ്ങള്‍ കളിക്കുന്നതിലും സമ്മര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലുമാണ്. ഐപിഎല്ലിലെ സമ്മര്‍ദ്ദം അദ്ദേഹം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് ലോകമെമ്ബാടും കാണുന്നു, അതിന്റെ ആരാധകവൃന്ദവും ഉല്‍പ്പന്നവും വളരെ വലുതാണ്, മാത്രമല്ല അവന്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു,” വെങ്കിടേഷ് പ്രസാദ് പറഞ്ഞു.മലയാളിയായ ദേവ്ദത്ത് കര്‍ണാടകയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ച ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു. 11 മത്സരങ്ങളില്‍ നിന്നുമായി 609 റണ്‍സാണ് ദേവ്ദത്ത് സ്വന്തമാക്കിയത്. പിന്നീട് നടന്ന സയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയിലും 580 റണ്‍സോടെ ദേവ്ദത്തായിരുന്നു റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. അണ്ടര്‍ 19 ലോകകപ്പിലുള്‍പ്പെട തിളങ്ങിയ താരം മലപ്പുറം എടപ്പാള്‍ സ്വദേശിയാണ്. ഇടംകയ്യന്‍ ബാറ്റ്‌സ്‌മാനായ ദേവ്ദത്ത് ആര്‍സിബിയില്‍ സ്ഥിര സാന്നിധ്യമാകുമെന്ന് ഉറപ്പാണ്.ഇന്ത്യയുടെ എക്കാലത്തെയും വിജയനായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജന്മദിനവും ദേവ് പടിക്കലിന്റെ ജന്മദിനവും ഒന്നാണ്. ഇരുവരും ജൂലെെ ഏഴിനാണ് ജനിച്ചത്, വര്‍ഷം മാത്രമാണ് വ്യത്യാസം. 1981 ജൂലെെ ഏഴിനു ജനിച്ച ധോണിക്ക് 19 വയസുള്ളപ്പോള്‍ 2000 ജൂലെെ ഏഴിനു ദേവ്‌ദത്ത് പടിക്കല്‍ എടപ്പാളില്‍ ജനിച്ചു. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളിനെയും സ്‌നേഹിച്ച ദേവ് മാഞ്ചസ്റ്റര്‍ യുണെെറ്റഡ് ആരാധകന്‍ കൂടിയാണ്.പിതാവിന്റെ ജോലിയുടെ ഭാഗമായാണ് ദേവ്‌ദത്തിന്റെ കുടുംബം ഹെെദരബാദിലേക്ക് ചേക്കേറുന്നത്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് ഏറെ താല്‍പര്യമുള്ള ആളായിരുന്നു ദേവ്. ഒന്‍പതാം വയസ് മുതലാണ് ക്രിക്കറ്റിനെ വളരെ കാര്യമായി കാണാന്‍ തുടങ്ങുന്നത്. ഇടംകെെയന്‍ ബാറ്റ്‌സ്‌മാനാണ് ദേവ്. ക്രിക്കറ്റിലെ കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ദേവ്‌ദത്തും കുടുംബവും പിന്നീട് ബാംഗളൂരിലേക്ക് ചേക്കേറി.കര്‍ണാടക അണ്ടര്‍ 14 ക്രിക്കറ്റില്‍ ദേവ് കളിച്ചിട്ടുണ്ട്. സയിദ് മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 580 റണ്‍സ് നേടിയതോടെ ദേവ് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായി. 2019 ല്‍ ആയിരുന്നു ഈ പ്രകടനം. 64 ശരാശരിയില്‍ 175 സ്ട്രൈക് റേറ്റോടെയായിരുന്നു ദേവ്‌ദത്തിന്റെ മിന്നുന്ന പ്രകടനം. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബല്ലാരി ടസ്‌കേഴ്‌സിനു വേണ്ടി ദേവ്‌ദത്ത് കളിച്ചിട്ടുണ്ട്. ദേവ്‌ദത്ത് കെപിഎല്ലില്‍ (കര്‍ണാടക പ്രീമിയര്‍ ലീഗ്) 53 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയിട്ടുണ്ട്. 2017 ല്‍ 17 വയസ് മാത്രമുള്ളപ്പോള്‍ ആയിരുന്നു ഇത്. ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിനെയാണ് ദേവ്‌ദത്തിന് ഏറെ ഇഷ്‌ടം.