ദീപാവലി, ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ
ദീപാവലിക്കു രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ. ക്രിസ്മസ്, ന്യൂഇയര്‍ ദിനങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുള്ള 35 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ജില്ലയില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശാനുസരണമാണു ജില്ലയിലും നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതെന്നു കളക്ടര്‍ പറഞ്ഞു.