സഹ്യപര്‍വതനിരകളില്‍ മാത്രം കാണപ്പെടുന്ന പന്നിമൂക്കന്‍ തവള എന്ന പാതാള തവളയെ’ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. സംസ്ഥാന വന്യജീവി സംരക്ഷണ ബോര്‍ഡ് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. സൂഓഗ്ലോസ്സിഡായെ കുടുംബത്തില്‍പ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസില്‍ ആയി കണക്കാക്കപ്പെടുന്നു. ’നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്’ എന്നാണു ശാസ്ത്രീയ നാമം. തവളയുടെ വാല്‍മാക്രി ഘട്ടം കഴിഞ്ഞാല്‍ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പുറത്തേക്കു വരുന്നത്. അതുകൊണ്ട് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുണ്ട്. ഈ പേരില്‍ ഇതിനെ ഔദ്യോഗിക തവളയാക്കാനാണ് ശ്രമം.2003 ഒക്ടോബറില്‍ തിരുവനന്തപുരം പാലോട് ട്രോപ്പികല്‍ ബൊട്ടാണിക്കല്‍ റിസച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ്.ഡി. ബിജു, ബ്രസ്സല്‍സ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്സൂയിട്ട് എന്നിവര്‍ ഇടുക്കി ജില്ലയിലാണ് ഇതിനെ കണ്ടെത്തിയത്. പിന്നീടു കോതമംഗലം, എരുമേലി, പാലക്കാട് സൈലന്റ് വാലി, തൃശൂരിലെ പട്ടിക്കാട്, തമിഴ്നാട്ടില്‍ ആനമലയിലെ ശങ്കരന്‍കുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തി. അടുത്ത കാലത്തായി 2012 ഡിസംബറില്‍ തൃശൂരിലും കണ്ടെത്തി.പ്രായപൂര്‍ത്തിയായാല്‍ ഇവയ്ക്ക് കടും പാടലവര്‍ണ്ണമായിരിക്കും. ഏകദേശം 7 സെന്റിമീറ്റര്‍ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിന്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്,മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യാഹാരം. മണ്‍സൂണ്‍ കാലത്ത് പ്രത്യുല്പാദനസമയത്ത് മാത്രം രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരും