കൊച്ചി മുതല്‍ തിരുവനന്തപുരം വരെ ദേശീയ ജലപാത നവീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന് വേണ്ടി കോടികള്‍ അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഘട്ടം ഘട്ടമായി ടെന്‍ഡര്‍ വിളിക്കുന്നതിനോടനുബന്ധിച്ച് നെടുങ്ങണ്ട ആറ്റുമുഖപ്പ് മുതല്‍ അരുവാളം വരെ ഒരുകിലോമീറ്റര്‍ ടെന്‍ഡര്‍ കൊടുത്ത് തോട് കുഴിച്ച് ആയിരക്കണക്കിന് ലോഡ് മണല്‍ മാറ്റി തോടിന് ഇരുവശവും ഭിത്തികെട്ടി ബോട്ട് സര്‍വീസിന് വേണ്ടി സഞ്ചാരയോഗ്യമാക്കുകയുണ്ടായി.വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ ഭാഗത്ത് ബോട്ട് സര്‍വീസ് തുടങ്ങാത്തതിനാല്‍ തോട്ടില്‍ കുഴിച്ച ഭാഗത്ത് മണലിറങ്ങി തോട് നികഴ്ന്ന് നാലടിയോളം വീതിയില്‍ വെള്ളമൊഴുക്കുള്ള ചാലായി വീണ്ടും മാറിയിരിക്കുകയാണ്. ഇനിയും ശ്രദ്ധിക്കാതിരുന്നാല്‍ ബോട്ട് ഗതാഗതം ഉണ്ടാകില്ലെന്ന് മാത്രമല്ല ഇവിടെ ഒരു തോടുണ്ടായിരുന്നു എന്നുപോലും പറയാന്‍ സാധിക്കാത്ത സ്ഥിതിയിലാകും. തോട് വീണ്ടും വൃത്തിയാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുവഴി ഉണ്ടായിരുന്ന ബോട്ട് സര്‍വീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യം.