ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മഞ്ഞുപെയ്യുന്ന ശൈത്യകാലത്തിലേക്ക് കടക്കുകയാണ് രാജ്യം. താമസക്കാരും സന്ദര്‍ശകരും സഞ്ചാരപ്രിയരും ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ശൈത്യകാലം എന്നാല്‍ അസ്ഥിര കാലാവസ്ഥയെയും പ്രതീക്ഷിക്കേണ്ട സമയമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.അതുകൊണ്ടു ഏത് അടിയന്തര സാഹചര്യങ്ങളെയും നിമിഷങ്ങള്‍ക്കകം നേരിടാനുള്ള സന്നാഹങ്ങളും സംവിധാനങ്ങളും ഉറപ്പുവരുത്തിയാണ് ദുബൈ പൊലീസ് ശൈത്യകാലത്തെ വരവേല്‍ക്കുന്നത്.ഹത്തയിലാണ് ദുബൈ പൊലീസ് വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പേര് സംഘം ചേര്‍ന്നും കുടുംബങ്ങളോടൊപ്പവും തനിച്ചും സന്ദര്‍ശിക്കുന്ന പ്രദേശമെന്ന നിലയിലാണ് ഹത്തയില്‍ അടിയന്തര പ്രതികരണ സുരക്ഷ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളേര്‍പ്പെടുത്തി സുരക്ഷ പട്രോളിങ് ശക്തമാക്കിയിരിക്കുന്നത്. കുടുംബങ്ങളുടെ പ്രിയപ്പെട്ട കേന്ദ്രമെന്ന നിലയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഓരോ ദിവസവും ഹത്തയിലെ മലനിരകളുടെയും ഡാമുകളുടെയും ജലാശയങ്ങളുടെയും സൗന്ദര്യം നുകരാനിവിടെ എത്തുന്നത്.ഡാമുകള്‍ക്ക് സമീപമുള്ള പട്രോളിങ്ങുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ഏത് സംഭവത്തെയും നേരിടാനുള്ള സന്നാഹങ്ങളൊരുക്കിയതായും ഹത്ത പൊലീസ് സ്റ്റേഷന് ഡയറക്ടര്‍ കേണല്‍ മുബാറക് അല്‍ കെറ്റ്ബി പറഞ്ഞു.കാലാവസ്ഥ അസ്ഥിരമാകുമ്ബോള് താഴ്വരകളില്‍നിന്നും ജലാശയങ്ങളില്‍നിന്നും മാറിനില്ക്കാന് ശ്രദ്ധിക്കണം -നിവാസികളോട് അദ്ദേഹം പറഞ്ഞു. സാധാരണ പട്രോളിങ് വാഹനങ്ങള്‍ക്ക് പകരം ഈ പ്രദേശങ്ങളില്‍ ട്രാഫിക് പട്രോളിങ് വിന്യസിച്ചിട്ടുണ്ടെന്ന് കേണല്‍ അല്‍ കെറ്റ്ബി പറഞ്ഞു.കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററുമായി ആശയവിനിമയം നടത്തുന്നതിന് ഏറ്റവും പുതിയ സ്മാര്‍ട്ട് ഉപകരണങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഈ പട്രോളിങ്ങില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഉള്‍പ്പെടുത്തിയ രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത് -അദ്ദേഹം വിശദീകരിച്ചു.അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്ബറില്‍ വിളിക്കണമെന്നും പൊതുസുരക്ഷ ഉറപ്പാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ കോര്പറേഷന് ഫോര്‍ ആംബുലന്‍സ് സേവനങ്ങള്‍ ഹത്ത പൊലീസ് സ്റ്റേഷെന്റ സഹകരണത്തോടെ മുഴുസമയവും പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.