21 വാര്‍ഡുകളില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. മുസ്ലിം ലീഗിന് 14 വാര്‍ഡുകളാണ് ലഭിച്ചത്. യു.ഡി.എഫിലെ മറ്റു പാര്‍ട്ടികള്‍ക്കൊന്നും സീറ്റില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 വാര്‍ഡുകളിലും മുസ്ലിം ലീഗ് 13ലും കേരള കോണ്‍ഗ്രസ് -എം ഒന്നിലുമാണ് മത്സരിച്ചത്. കേരള കോണ്‍ഗ്രസ് ഇത്തവണ എല്‍.ഡി.എഫിനൊപ്പം പോയതോടെ ലീഗ് 14 സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചു.കോണ്‍ഗ്രസ് നേതാക്കളായ പി.വി. ബാലചന്ദ്രന്‍, എന്‍.എം. വിജയന്‍, കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍, ഡി.പി. രാജശേഖരന്‍, എം.എസ്. വിശ്വനാഥന്‍, ലീഗ് നേതാക്കളായ കോണിക്കല്‍ ഖാദര്‍, പി.പി. അയ്യൂബ്, കെ.എം. ഷബീര്‍ അഹമ്മദ്, പി. ഉമ്മര്‍ ഹാജി, കെ. അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ലീഗ് ഓഫിസില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റുകളില്‍ ധാരണയായത്.പള്ളിക്കണ്ടി, ബത്തേരി ടൗണ്‍, മണിച്ചിറ, ദൊട്ടപ്പന്‍കുളം, കൈവട്ടമൂല, ചീനപ്പുല്ല്, ചെതലയം, ചേനാട്, ബീനാച്ചി, കൈപ്പഞ്ചേരി, മൈതാനിക്കുന്ന്, വേങ്ങൂര്‍ നോര്‍ത്ത്, ആറുമാട്, ഫയര്‍ലാന്‍ഡ് എന്നീ വര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുക.കോണ്‍ഗ്രസ് നേതാക്കളായ ബാബു പഴുപ്പത്തൂര്‍, ഡി.പി. രാജശേഖരന്‍ എന്നിവര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. മുതിര്‍ന്ന ലീഗ് നേതാക്കളായ പി.പി. അയ്യൂബ്, ഷബീര്‍ അഹമ്മദ് എന്നിവര്‍ ലീഗ് പട്ടികയില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ്. മൂന്നുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന ലീഗ് സംസ്ഥാന നിലപാടാണ് ഇവര്‍ക്ക് പ്രശ്നം. ‘അനിവാര്യ ഘട്ടത്തില്‍’ മത്സരിക്കാമെന്ന പഴുത് ഉപയോഗിച്ചാണ് ലീഗ് നേതാക്കള്‍ മത്സരത്തിനിറങ്ങുന്നത്. സുല്‍ത്താന്‍ ബത്തേരി ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഇവരെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.