കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം പ്രധാനമന്ത്രിക്കു വിട്ടു
നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിക്കും. താങ്ങുവിലയ്ക്ക് നിയമ സംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാവാമെന്ന് സര്‍ക്കാര്‍. നിര്‍ദ്ദേശം കര്‍ഷകസംഘടനകള്‍ പരിശോധിക്കും.അതേസമയം കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായിരുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു. നിയമം പിന്‍വലിക്കുന്നതൊഴികെയുള്ള ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് കര്‍ഷകര്‍ നിലപാടെടുത്തത്.കര്‍ഷകര്‍ മുന്നോട്ടു വെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.