കര്‍ഷക സമരം 11ാം ദിവസം: അടുത്ത ചര്‍ച്ച ഡിസംബര്‍ 9ന്

0

കേന്ദ്ര സര്‍ക്കാര്‍ പുതുതായി പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം 11-ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി ബുരാരി സന്ത് നിരാങ്കരി സമാഗം മൈതാനത്തും ഡല്‍ഹി സംസ്ഥാന അതിര്‍ത്തികളിലുമാണ് സമരം നടക്കുന്നത്.സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടു. നേരത്തെ നടത്തിയ ചര്‍ച്ചകളും പരാജയമായിരുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍, കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര വ്യവസായ സഹമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള എംപിയുമായ സോം പ്രകാശ് എന്നിവരാണ് ഡിസംബര്‍ അഞ്ചിന് വിജ്ഞാന്‍ ഭവനില്‍ വച്ചുനടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്. കര്‍ഷകരെ പ്രതിനിധീകരിച്ച്‌ നാല്‍പ്പത് പേരും പങ്കെടുത്തു.അഞ്ചാം തിയ്യതി നടന്ന അഞ്ചാംവട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടുത്ത വട്ടം ചര്‍ച്ച ഡിസംബര്‍ 9ന് തീരുമാനിച്ചത്. അതിനിടയില്‍ കൃഷിമന്ത്രി സമരം ചെയ്യുന്ന കര്‍ഷക നേതാക്കള്‍ക്ക് നിരവധി ഉറപ്പുകള്‍ നല്‍കിയതായി അവകാശപ്പെട്ടു. സംസ്ഥാനങ്ങളിലെ എപിഎംസികളെ ദുര്‍ബലമാക്കില്ലെന്നും താങ്ങുവില സമ്ബ്രദായം ഇല്ലാതാവില്ലെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും ചര്‍ച്ചകളിലൂടെ എല്ലാം പരിഹരിക്കാമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം കാലാവസ്ഥ പരിഗണിച്ച്‌ മുതിര്‍ന്നവരെയും കുട്ടികളെയും വീടുകളിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു.നിയമം പിന്‍വലിക്കാതെ സമരം നിര്‍ത്താനാവില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. നിയമം പിന്‍വലിക്കുമോ ഇല്ലയോ എന്ന ഒറ്റ കാര്യമാണ് തങ്ങള്‍ക്കറിയേണ്ടതെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. യെസ് ഓര്‍ നൊ എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ അഞ്ചാം വട്ട ചര്‍ച്ചയ്ക്ക് ഹാജരായത്.അഞ്ചാം തിയ്യതിയിലെ ചര്‍ച്ചയില്‍ ഹാജരായ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നാലാം വച്ച ചര്‍ച്ചയുടെ മിനിറ്റ്‌സ് കൈമാറിയിരുന്നു. തങ്ങള്‍ക്ക് നിയമം പിന്‍വലിക്കുക മാത്രമാണ് വേണ്ടതെന്നും ചര്‍ച്ചയുമായി തുടരാന്‍ താല്‍പ്പര്യമില്ലെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു.

You might also like

Leave A Reply

Your email address will not be published.