സെറം ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാര്‍ശ്വഫലങ്ങളുടെ കാരണം കണ്ടെത്തുന്നതിന് നിരവധി പരിശോധനകള്‍ നടന്നുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശിയായ 40കാരന്‍, പരീക്ഷണത്തെ തുടര്‍ന്ന് തനിക്ക് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടായെന്ന് ആരോപിച്ച് സെറം ഇന്‍സ്റ്റിറ്റ‌്യൂട്ടില്‍ നിന്ന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാരണത്താല്‍ പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.ഇത്തരം ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോ ഐസിഎംആറിനോ യാതൊരു പങ്കും വഹിക്കാനില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പ്രതികരിച്ചു.സ്വതന്ത്ര മോണിറ്ററിംഗ് ബോഡികള്‍ അയച്ച രേഖകളുടെ അടിസ്ഥാനത്തില്‍ റെഗുലേറ്റര്‍ നടത്തിയ പ്രാഥമിക വിലയിരുത്തല്‍ “ഈ പരീക്ഷണങ്ങള്‍ നിര്‍ത്തേണ്ടതില്ല” എന്നാണെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്‌സിനിലെ ഇന്ത്യന്‍ പങ്കാളികളാണ് ഐസിഎംആറും, എസ്‌ഐഐയും. പരീക്ഷണത്തില്‍ പങ്കെടുത്തയാളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും വാക്സിന്‍ പരീക്ഷണവും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അപകീര്‍ത്തിപരത്തുന്ന തരത്തിലുള്ള ആരോപണം ഉന്നയിച്ചതിന് 100 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും എസ്‌ഐഐ ഞായറാഴ്ച പറഞ്ഞിരുന്നു.വാക്സിനേഷനെത്തുടര്‍ന്ന് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ എന്‍സെഫലോപ്പതി എന്ന അവസ്ഥ തനിക്ക് വന്നുചേര്‍ന്നെന്നും എല്ലാ പരിശോധനകളും പരിശോധന വാക്സിന്‍ മൂലമാണ് ആരോഗ്യത്തിന് പ്രശ്നം വന്നതെന്നാണ് സ്ഥിരീകരിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു.വാക്സിന്‍ അതിനെക്കുറിച്ച് പറയുന്നത് പോലെ സുരക്ഷിതമല്ലെന്നും വാക്സിന്‍ കാരണം തനിക്കുണ്ടായ പ്രതികൂല ഫലം മറച്ചുവെക്കാന്‍ എല്ലാ പങ്കാളികളും ശ്രമിക്കുകയാണെന്നും ഇത് എടുത്തതിനുശേഷം തനിക്ക് ഉണ്ടായ ആഘാതം. ‘വ്യക്തമായി തെളിയിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.ഒരു ഇലക്‌ട്രോസെന്‍സ്ഫലോഗ്രാം (ഇഇജി) പരിശോധനയില്‍ തലച്ചോറിനെ ഭാഗികമായി ബാധിച്ചതായി കാണിച്ചു. ഒരു സൈക്യാട്രിക് പരിശോധനയില്‍ വെര്‍ബല്‍, വിഷ്വല്‍ മെമ്മറി പ്രവര്‍ത്തനങ്ങളില്‍ നേരിയ കുറവുണ്ടെന്നും മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടെന്നും കണ്ടെത്തി.”ന്യൂറോളജിക്കലായും മാനസികമായും അദ്ദേഹം കടുത്ത കഷ്ടപ്പാടുകളിലൂടെ കടന്നുപോയി. വാക്സിന്‍ അദ്ദേഹത്തില്‍ ഒരു ന്യൂറോളജിക്കല്‍ ബ്രേക്ക്ഡൗണിന് കാരണമായി,” എന്ന് മനശാസ്ത്ര പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഓക്സ്ഫോര്‍ഡ് വാക്സിന്‍ ട്രയല്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫസര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറീസ്, ആസ്ട്ര സെനേക്ക യുകെ എന്നിവര്‍ക്കും ലീഗല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.