ജില്ലയിലെ റോഡുകളില്‍ അന്‍പതിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംവിധാനത്തോടെയുള്ള കാമറകള്‍ എത്തുന്നു
മോട്ടോര്‍ വാഹന വകുപ്പിന്റെയും കെല്‍ട്രോണിന്റെയും സഹായത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരം കാമറകള്‍ സ്ഥാപിക്കുന്നത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹനപരിശോധനകള്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കുന്നതായി പരാതി വന്ന സാഹചര്യത്തിലാണ് പരിശോധന പൂര്‍ണമായും ആധുനികവത്കരിക്കാന്‍ തീരുമാനമായത്.റോഡില്‍ ഒരു സ്ഥലത്തു പോലും സാന്നിധ്യം അറിയിക്കാതെ തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. വകുപ്പിലെ ജീവനക്കാരുടെ കുറവു മൂലം പരിശോധന കുറയുന്നതിനും ഇതുവഴി പരിഹാരം കാണാന്‍ സാധിക്കും .പാലായില്‍ പത്തും ചങ്ങനാശേരി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ എട്ടുവീതവും കാമറ സ്ഥാപിക്കും. 30 മീറ്റര്‍ ദൂരം നേരായ റോഡുള്ള സ്ഥലങ്ങള്‍, അപകട സാദ്ധ്യത കൂടിയ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ക്കാകും മുന്‍ഗണന കൊടുത്തിട്ടുണ്ട്. രാത്രിയിലെ നിയമലംഘനങ്ങളും പുതിയ കാമറയില്‍ പതിയും.