ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന റെക്കോഡ് മറികടന്ന് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി
കഴിഞ്ഞ മത്സരത്തില്‍ വല്ലഡോലിഡിനെതിരെ നേടിയ ഗോളോടെ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി മറികടന്നത്. ബാഴ്‌സലോണയ്ക്ക് വേണ്ടി മെസി 644 ഗോളുകളാണ് നേടിയത്.ബാഴ്സലോണയ്ക്കായി 17-ാം സീസണിലാണ് മെസി കളിക്കുന്നത്. 749 മത്സരങ്ങളില്‍ നിന്നാണ് മെസി 644 ഗോളുകള്‍ അടിച്ചുകൂട്ടിയത്. വല്ലഡോലിഡിനെതിരെ ബാഴ്‌സ നേടിയ മൂന്നാം ഗോളാണ് മെസിയുടെ ബൂട്ടില്‍ നിന്നും പിറന്നത്. 65-ാം മിനിട്ടിലായിരുന്നു വല്ലഡോലിഡിന്റെ പ്രതിരോധത്തെ മറികടന്ന് മെസിയുടെ ഇടംകാലന്‍ ഷോട്ട് ഗോള്‍ വല തുളച്ചത്. ഒരു ഗോളിന് അദ്ദേഹം വഴിയൊരുക്കുകയും ചെയ്തിരുന്നു.ബ്രസീലിയിന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടിയാണ് പെലെ റെക്കോഡ് കുറിച്ചിരുന്നത്. 19 സീസണുകളില്‍ നിന്നാണ് അദ്ദേഹം 643 ഗോളുകള്‍ നേടിയത്. 565 ഗോളുകള്‍ നേടിയ മുന്‍ ബയേണ്‍ മ്യൂണിച്ച് താരം ജെറാദ് മുള്ളറാണ് പെലെയ്ക്ക് പിന്നില്‍ മൂന്നാമത്. മുന്‍ സ്‌പോര്‍ട്ടിംഗ് സിപി താരം ഫെര്‍നാണ്ടോ പെയ്‌റൊട്ടെ 544 ഗോളുകളോടെ നാലാം സ്ഥാനത്തും മുന്‍ സ്ലാവിയ താരം ജോസഫ് ബൈക്കന്‍ 534 ഗോളുകളോടെ അഞ്ചാം സ്ഥാനത്തുമുണ്ട്.