മലേറിയയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ശ്രദ്ധേയ നേട്ടം കൈവരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടുന്ന തെക്കുകിഴക്കനേഷ്യാ മേഖല മലേറിയയെ പിടിച്ചു കെട്ടുന്നതില്‍ വലിയ നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.2000-ല്‍ ഇന്ത്യയില്‍ രണ്ടു കോടി മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ആയപ്പോള്‍ കേസുകളുടെ എണ്ണം 56 ലക്ഷമാക്കി കുറയ്ക്കാന്‍ ഇന്ത്യക്കു കഴിഞ്ഞുവെന്ന് വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട് 2020ല്‍ ചൂണ്ടിക്കാട്ടുന്നു. മരണനിരക്കും ഗണ്യമായി കുറഞ്ഞു. 2000ല്‍ 29,500 ആയിരുന്നത് 2019ല്‍ 7,700 ആയി. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 22.9 കോടി പേര്‍ക്ക് മലേറിയ പിടിപെട്ടു. 4,09,000 പേര്‍ മരിച്ചു. അതിന് മുന്‍പത്തെ വര്‍ഷം 4,11,000 പേരാണു മരിച്ചത്.