വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ കുറിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാലു വര്‍ഷം ജയില്‍ ശിക്ഷ

0

ചാങ് ചാന്‍ എന്ന 37കാരിക്കാണ് കോടതി നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ചാങിന്റെ റിപ്പോര്‍ട്ടുകള്‍ വിവാദം ലക്ഷ്യമിട്ടുള്ളതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്നാരോപിച്ച്‌ ഷാങ് ഹായ് കോടതിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് വുഹാന്‍ സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്ത രീതിയെ ചാന്‍ കണക്കറ്റ് വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വുഹാന്‍ നഗരത്തില്‍ അജ്ഞാതമായ വൈറല്‍ ന്യുമോണിയാ രോഗം പടര്‍ന്നു പിടിക്കുന്നതായി സിറ്റിസണ്‍ ജേണലിസ്റ്റായ ചാങ് ചാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ട ചാങ്ങിന്റെ തത്സമയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ചൈന ആദ്യമായി തടവിലാക്കിയ നാല് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ചാങ് ചാന്‍. കോവിഡ് ബാധിച്ച്‌ ജനങ്ങള്‍ തടിച്ചു കൂടിയ ആശുപത്രികളെ കുറിച്ചും ചൈനയിലെ ഒഴിഞ്ഞ നിരത്തുകളെ കുറിച്ചുമുള്ള ആദ്യ വാര്‍ത്തകള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയത് ചാങ് ആയിരുന്നു.ഓണ്‍ലൈനില്‍ ചാങ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി നിരീക്ഷിച്ചതായി അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ചാങ് ചെയ്തതില്‍ കുറ്റമെന്താണെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നും വളരെ വേഗത്തിലാണ് വാദം പൂര്‍ത്തിയാക്കിയതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.അതേസമയം ചാങ് ജൂലൈ മുതല്‍ നിരാഹാരത്തിലാണ്. മൂക്കില്‍ ഘടിപ്പിച്ച ട്യൂബിലൂടെ ബലംപ്രയോഗിച്ച്‌ ഭക്ഷണം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വീല്‍ ചെയറിലാണ് ചാങിനെ ആശുപത്രിയില്‍ എത്തിച്ചത്.

You might also like

Leave A Reply

Your email address will not be published.