19 വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാനം

0

കാബൂള്‍: നീണ്ട പത്തൊമ്ബത് വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാന ചര്‍ച്ചകള്‍ക്കായുള്ള കരാറില്‍ ഏര്‍പ്പെട്ട് അഫ്ഗാന്‍ സര്‍ക്കാരും താലിബാനും. ബുധനാഴ്ച (ഡിസംബര്‍-2) നടന്ന ചര്‍ച്ചക്ക് ശേഷം തയ്യാറായ ഉടമ്ബടി പ്രകാരം സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ നടക്കും. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടുത്ത ഘട്ടത്തില്‍ ചര്‍ച്ചചെയ്യുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ചര്‍ച്ചയുടെ ആമുഖം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകള്‍ ആരംഭിക്കുക എന്ന് അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധി നാദര്‍ നാദരി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതായി താലിബാന്‍ വക്താവ് ട്വിറ്ററിലും വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാന്റെയും താലിബാന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത വര്‍ക്കിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ചയില്‍ പരിഗണിക്കേണ്ട വിഷയങ്ങളുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കുക.അതേസമയം അഫ്ഗാന്‍ ജനത നിരന്തരമായി ആവശ്യപ്പെടുന്ന വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സാധിച്ചത് വലിയൊരു മുന്നേറ്റമാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവ് സൈദിക് സെദിക്വി പറഞ്ഞു. അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വെടിനിര്‍ത്തല്‍ കുറയ്ക്കുന്നതിനും എല്ലാവിധ പിന്തുണയും അമേരിക്ക നല്‍കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.വെടിനിര്‍ത്തല്‍ ചട്ടങ്ങളും നടപടിക്രമങ്ങളും ക്രോഡീകരിക്കുന്നതിനായുള്ള മൂന്ന് പേജുള്ള കരാറില്‍ ഇരുപക്ഷവും യോജിച്ചതായി അഫ്ഗാന്‍ അനരുജ്ഞനത്തിനായുള്ള പ്രത്യേക അമേരിക്കന്‍ പ്രതിനിധി സല്‍മെ ഖലീല്‍സാദ് പറഞ്ഞു. ദോഹയില്‍ അഫ്ഗാന്‍-താലിബാന്‍ സമാധാനക്കരാറിനായി മാസങ്ങളായി ചര്‍ച്ച തുടരുകയായിരുന്നു. ഇതിനൊടുവിലാണ് സമാധാന കരാറിനായി ഇരുപക്ഷവും സഹകരിക്കുന്നത്. താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരിന് നേരെയുള്ള അക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.2001ലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാനെ പുറത്താക്കി യു.എസ് പിന്തുണച്ച സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അമേരിക്കയുടെ നേതൃത്വത്തില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുമായി ധാരണയിലെത്താന്‍ താലിബാന്‍ വിസമ്മതിച്ചിരുന്നു. പുതിയ ഉടമ്ബടി പ്രകാരാം വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകുമെന്നത് വലിയ മുന്നേറ്റമായാണ് അഫ്ഗാന്‍ സര്‍ക്കാര്‍ കാണുന്നത്. ഇരുപക്ഷവും തമ്മില്‍ പുതുതായി രൂപപ്പെടുത്തിയ ധാരണയെ യു.എന്നിന്റെ അഫ്ഗാന്‍ പ്രതിനിധി ഡെബ്രോ ലയണ്‍സും അഭിനന്ദിച്ചു.

You might also like

Leave A Reply

Your email address will not be published.