500 കടന്ന മരണങ്ങളുമായി ബ്രിട്ടീഷ് കോവിഡ് മുന്‍പോട്ട്

0

ഇതുള്‍പ്പടെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് നവംബറിലെ ലോക്ക്ഡൗണിന് ശേഷം കോവിഡിന്റെ രണ്ടാം വരവിന്റെ ശക്തി കുറഞ്ഞു വരുന്നു എന്നുതന്നെയണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്ന 15 കാരനായ ഒരു കൗമരക്കാരന്‍ ഉള്‍പ്പടെ ഇന്നലെ മരണമടഞ്ഞത് 504 പേരായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച്ച രേഖപ്പെടുത്തപ്പെട്ട 521 മരണങ്ങള്‍ എന്നിതില്‍ നിന്നും നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം രോഗവ്യാപന ചാപം സ്ഥിരമായി താഴേക്ക് തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇന്നലെ പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം 16,298 ആയിരുന്നു. കഴിഞ്ഞയാഴ്‌ച്ചയില്‍ ഇത് 16,022 ആയിരുന്നു. ഇക്കാര്യത്തില്‍ നേരിയൊരു വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, പൊതുവേ കോവിഡിന്റെ ശക്തി ക്ഷയിച്ചു വരുന്നു എന്നതിന്റെ സൂചനകളാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിക്കുന്നത്. സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതി ഇന്നലെ വെളിപ്പെടുത്തിയത് തുടര്‍ച്ചയായ നാലാമത്തെ ആഴ്‌ച്ചയും ആര്‍ നിരക്ക് താഴേക്ക് പോയി എന്നാണ്. ഇപ്പോള്‍ അത് 0.8 നേക്കാള്‍ കുറവാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രോഗവ്യാപന തോത് കാര്യമായി കുറഞ്ഞു വരുന്നതായും ശാസ്ത്രോപദേശക സമിതി വെളിപ്പെടുത്തി.ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്‌ ഇംഗ്ലണ്ടില്‍ കഴിഞ്ഞ മാസത്തില്‍ രോഗവ്യാപനം പകുതിയായി കുറഞ്ഞിട്ടുണ്ട്. നവംബര്‍ ആദ്യവാരത്തില്‍ പ്രതിദിനം47,700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നപ്പോള്‍, അവസാനവാരത്തിലെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം 25,700 ആയി കുറഞ്ഞിട്ടുണ്ട്. കോവിഡിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നതിന് ഇതും ഒരു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നവംബര്‍ 28 ലെ കണക്കനുസരിച്ച്‌ ഇംഗ്ലണ്ടില്‍ 5,21,300 പേര്‍ക്കാണ് കോവിഡ് ബാധയുള്ളത്. രണ്ടാഴ്‌ച്ചകള്‍ക്ക് മുന്‍പ് ഇത് 6,65,000 ആയിരുന്നു.കോവിഡ് സിംപ്ടം സ്റ്റഡി പ്രത്യേകം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒക്ടോബര്‍ അവസാനം പ്രതിദിനം 44,000 പേര്‍ക്ക് കോവിഡ് ബാധയുണ്ടായപ്പോള്‍ നിലവില്‍ അത് 15,845 പേര്‍ക്ക് മാത്രമാണെന്നാണ്. ഒ എന്‍ എസ്സിന്റെ കണക്കുമായി ഈ കണക്കിന് പൊരുത്തക്കേടുണ്ടെങ്കിലും, ഇതും കാണിക്കുന്നത് രോഗ്യ വ്യാപന നിരക്ക് കുറഞ്ഞുവരുന്നു എന്നുതന്നെയാണ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇന്നലെ വെളിപ്പെടുത്തിയത് വടക്കന്‍ ഇംഗ്ലണ്ടിലെ എല്ലാ ലോക്കല്‍ അഥോറിറ്റി മേഖലകളിലും രോഗവ്യാപനം കുറഞ്ഞു വരുന്നുണ്ട് എന്നു തന്നെയാണ്. ഈ മേഖലകളില്‍ മിക്കയിടങ്ങളിലും ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു.ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇത്രയും ശോഭനമായ വാര്‍ത്തകള്‍ കൂടി എത്തുന്നത്. ഇന്നലെ ബെല്‍ജിയത്തില്‍ നിന്നും ടക്കുകളില്‍ ബ്രിട്ടനിലേക്കുള്ള ആദ്യ വാക്സിന്‍ ലോഡ് എത്തിച്ചേര്‍ന്നു. അതേസമയം, നവംബര്‍ 5 ന് പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണ്‍ ഫലം കണ്ടു എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.

ആശങ്കയുണര്‍ത്തി പ്രൈമര്‍ക്കിനു മുന്നില്‍ നീളുന്ന ക്യു

ഡിസംബര്‍ 2 ന് ദേശീയ ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ പ്രവര്‍ത്തന സമയം നീട്ടിയ പ്രൈമാര്‍ക്കിനു മുന്നില്‍ നീളുന്ന ക്യു വീണ്ടും മറ്റൊരു കോവിഡ് ബാധയ്ക്ക് കാരണമായേക്കാം എന്ന ആശങ്കയുയരുന്നു. സ്റ്റോറുകള്‍ക്കുള്ളില്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സ്റ്റോറുകള്‍ക്ക് പുറത്ത് ക്യു നീളുന്നത്. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കും എന്നതിനാലാണ് ഇങ്ങനെ ക്യു നീളുന്നത്. തിരക്ക് കുറയ്ക്കുവാനായാണ് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതെങ്കിലും വിപരീത ഫലമാണ് ഈ തീരുമാനം നല്‍കുന്നത്.വസ്ത്ര രംഗത്ത് ഏറെ ജനപ്രീതിയാര്‍ജ്ജിച്ച പ്രൈമാര്‍ക്കിന് ഓണ്‍ലൈന്‍ ഷോപ്പിങ് ഇല്ലാത്തതും ഈ തിരക്കിന് കാരണമാകുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍, പ്രൈമാര്‍ക്ക് ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ഒരു മാസമായി സാധനങ്ങള്‍ വാങ്ങുവാന്‍ കഴിഞ്ഞിരുന്നില്ല. പല സ്റ്റോറുകളിലും രണ്ട് മണിക്കൂര്‍ വരെ കാത്തുനിന്നതിനു ശേഷമാണ് ഉള്ളിലേക്ക് കടക്കുവാന്‍ കഴിയുന്നത്.

You might also like
Leave A Reply

Your email address will not be published.