സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

0

കോവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി വിദ്യഭ്യാസ വകുപ്പ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതല്‍ ഇളവുകള്‍ നിലവില്‍ വരും.കൃത്യമായ അകലം പാലിച്ചുകൊണ്ട് ഇനി മുതല്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് ഇരിക്കാനാകും. നൂറില്‍ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും എല്ലാ കുട്ടികള്‍ക്കും ഒരേ സമയം വരാവുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി ക്ലാസ് സംഘടിപ്പിക്കാവുന്നതുമാണ്. നൂറിന് മുകളില്‍ കുട്ടികളുണ്ടെങ്കില്‍ 50 ശതമാനമെന്ന നിലയില്‍ അവസ്ഥ തുടരണം.രാവിലെയും ഉച്ചയ്ക്കുമായി വേണം ക്ലാസുകള്‍ ക്രമീകരിക്കാന്‍. കുട്ടികള്‍ക്ക് യാത്രാ സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാവിലെ വരുന്ന കുട്ടികളെ വൈകീട്ട് വരെ ക്ലാസ് മുറിയില്‍ തുടരാന്‍ അനുവദിക്കാം. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ അവരവരുടെ ഇരിപ്പിടത്തില്‍ വച്ചു തന്നെ കഴിക്കേണ്ടതും സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈ കഴുകാന്‍ പോകേണ്ടതുമാണ്.വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അധ്യാപകരും സ്കൂളുകളില്‍ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതാണ്. ശനിയാഴ്ച ദിവസവും പ്രവൃത്തി ദിനമായതിനാല്‍ ആവശ്യമെങ്കില്‍ അന്നേ ദിവസം കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് വരുത്താവുന്നതാണ്..

You might also like

Leave A Reply

Your email address will not be published.