കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങിലെ അക്രമ സംഭവങ്ങളിലുള്ള നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം തുടങ്ങി
സ്വയം മാപ്പു നല്‍കാന്‍ പ്രസിഡന്‍റിന് അധികാരമുണ്ടെന്ന വാദം ഉയര്‍ത്തിയാണ് ട്രംപിന്‍റെ പുതിയ നീക്കം. ഈ വിഷയത്തില്‍ വൈറ്റ് ഹൗസ് കൗണ്‍സില്‍ പാറ്റ് സിപോലോന്‍, സഹായികള്‍, അഭിഭാഷകര്‍ അടക്കമുള്ള നിയമവിദഗ്ധരുടെ ഉപദേശം തേടിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് സ്വയം മാപ്പുനല്‍കിയാല്‍ അത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് വിവരം.അതേസമയം, സ്വയം മാപ്പു നല്‍കാന്‍ പ്രസിഡന്‍റിന് അധികാരമുണ്ടോ എന്ന കാര്യത്തില്‍ ഭരണഘടനാ വിദഗ്ധര്‍ രണ്ടുതട്ടിലാണ്. പ്രസിഡന്‍റിന് സ്വയം മാപ്പുനല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നിയമ കുറിപ്പില്‍ പറയുന്നു. എന്നാല്‍, അദ്ദേഹത്തിന് സ്ഥാനമൊഴിയാന്‍ സാധിക്കും. കൂടാതെ, വൈസ് പ്രസിഡന്‍റിനോട് ചുമതലയേല്‍ക്കാനും മാപ്പ് നല്‍കാനും ആവശ്യപ്പെടാവുന്നതാണ്. എന്നിരുന്നാലും, നിയമ കുറിപ്പുമായി ഇത് ബന്ധിപ്പിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ലോകത്തെ പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമെന്നറിയപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ജനവിധി മറികടക്കാന്‍ പ്രസിഡന്റ് പ്രത്യക്ഷ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാതെ, തെരഞ്ഞെടുപ്പ് അപഹരിച്ചുവെന്ന് നിരന്തരം ആക്ഷേപം ഉന്നയിച്ചിരുന്ന ട്രംപ് വൈറ്റ്ഹൗസിന് സമീപം തടിച്ചുകൂടിയ അനുയായികളോട് കാപിറ്റലിലേക്ക് നീങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു.മുന്‍ സഹായികളായ റോജര്‍ സ്റ്റോണ്‍, പോള്‍ മനഫോര്‍ട്ട്, മരുമകന് ജാരദ് കുഷ്നറുടെ പിതാവ് ചാള്‍സ് കുഷ്നര്‍ എന്നിവരടക്കം 29 പേര്‍ക്ക് ട്രംപ് ഡിസംബര്‍ 24ന് മാപ്പ് നല്‍കിയിരുന്നു. തെറ്റായ ആദായനികുതി രേഖ സമര്‍പ്പിച്ച കേസില്‍ 2004ല്‍ ശിക്ഷിക്കപ്പെട്ട ചാള്‍സ് കുഷ്നര്‍ രണ്ടു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് റോബര്‍ട്ട് മ്യൂളര്‍ അന്വേഷണ സമിതി ശിക്ഷിച്ചവരാണ് സ്റ്റോണും മനഫോര്ട്ടും.