ബിജെപിയും സിപിഎമ്മും തമ്മില്‍ നേരിട്ടു ഫൈറ്റ് നടത്തുന്ന മണ്ഡലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന നേമത്ത് ബിജെപി നേതാവ് കുമ്മനം രാജശേഖരനും മൂന്‍ എംഎല്‍എ വി.ശിവന്‍കുട്ടിയും തമ്മിലാകും എന്ന് സൂചനകളുണ്ട്.സിറ്റിംഗ് എംഎല്‍എ ഒ. രാജഗോപാല്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റ് നില നിര്‍ത്താന്‍ കുമ്മനത്തെ ബിജെപി ഇറക്കുമ്ബോള്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് ശിവന്‍കുട്ടിയെ പരീക്ഷിച്ചേക്കും. രണ്ടുപേരും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.കേരളത്തില്‍ ബിജെപിയ്ക്ക് ആദ്യമായി വഴങ്ങിയ നേമത്ത് കിട്ടിയ സീറ്റ് നഷ്ടപ്പെടുത്താതിരിക്കാന്‍ ശക്തമായ തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നത്. പ്രായധിക്യം മൂലം ഒ രാജഗോപാല്‍ മാറിയേക്കുമെന്നാണ് ശ്രുതി. പകരം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മണ്ഡലത്തില്‍ കുമ്മനം സജീവമായിട്ടുണ്ട്. ഒ രാജഗോപാല്‍ മാറിയാല്‍ സുരേഷ്‌ഗോപിയെ പരിഗണിച്ചേക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.അതേസമയം നേമത്ത് കുമ്മനം വാടകവീട് വരെ റെഡിയാക്കിയിരിക്കുകയാണ്. മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ഒ രാജഗോപാലിന് കിട്ടിയത് പോലെ ബിജെപി വോട്ടുകള്‍ക്കൊപ്പം വ്യക്തിഗത വോട്ടുകളും ചേര്‍ന്നാല്‍ ബിജെപിയ്ക്ക് മണ്ഡലം നില നിര്‍ത്താനാകും. അതുകൊണ്ടു തന്നെയാണ് മണ്ഡലത്തില്‍ ചിരപരിചിതനായ ശിവന്‍കുട്ടിയെ സിപിഎം പരിഗണിക്കുന്നത്.കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും അപ്രസക്തമായി പോയ യുഡിഎഫും കരുതലോടെയാണ് തയ്യാറെടുക്കുന്നത്. 2016 ല്‍ ജെഡിയു വിന്റെ സ്ഥാനാര്‍ത്ഥി മത്സരിച്ച സീറ്റ് അവര്‍ എല്‍ഡിഎഫിലേക്ക് പോയതിനാല്‍ ഇത്തവണ കോണ്‍ഗ്രസ് തന്നെ മത്സരിച്ചേക്കും.കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസിനെയോ, സെക്രട്ടറി ജീ.വി. ഹരിയെയോ പരിഗണിച്ചേക്കും. യുവനേതാക്കള്‍ വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും യുഡിഎഫ് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞുകുറഞ്ഞു വരുന്നതാണ് അവര്‍ക്ക് ആശങ്കയാകുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 13,860 വോട്ടുകളാണ്.അതേസമയം കഴിഞ്ഞ മൂന്ന് തവണയായി ഒരു പിടിയും നല്‍കാതെയാണ് നേമത്തിന്റെ പോക്ക്. 2006 ല്‍ കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്‍ 10,000 വോട്ടുകള്‍ നേടി വിജയിച്ച മണ്ഡലത്തില്‍ പിന്നീട് ജയമറിഞ്ഞത് സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളാണ് ഒ രാജഗോപാലിനെ 8,671 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ നേമം നല്‍കിയത്. 67,813 വോട്ടുകള്‍ രാജഗോപാലിന് കിട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ വി ശിവന്‍കുട്ടിക്ക് കിട്ടിയത് 59,142 വോട്ടുകളായിരുന്നു. അതിന് മുമ്ബ് 2011 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശിവന്‍കുട്ടി 6,415 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.അതേസമയം കഴിഞ്ഞ തവണ ശിവന്‍കുട്ടി തോറ്റെങ്കിലും 2011 നെ അപേക്ഷിച്ച് 9000 വോട്ടുകള്‍ കൂടുതല്‍ നേടാനായത് നേട്ടമായി സിപിഎം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയ്ക്ക് പോയില്ലെങ്കില്‍ വിജയിക്കാനാകുമെന്നതാണ് എല്‍ഡിഎഫ് പ്രതീക്ഷ. ഒ രാജഗോപാല്‍ മാറുന്നതും ബിജെപിയ്ക്ക് കിട്ടിയ വ്യക്തിഗത വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിയുകയും ചെയ്താല്‍ നേമം പിടിച്ചെടുക്കാമെന്നതാണ് സിപിഎം പ്രതീക്ഷ.തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിയുടെ മേല്‍ക്കൈ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞതും എല്‍ഡിഎഫിന് ആത്മവിശ്വാസമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2000 വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന്‍ വിജയിച്ചത് നേമത്തെ മുഗുളന്‍കാവ് വാര്‍ഡില്‍ നിന്നുമാണ്. ഇത് അനുകൂല സാഹചര്യമായി മാറ്റാം എന്നതാണ് സിപിഎം പ്രതീക്ഷ.