കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് കണയൂന്നൂരിലാണ് യൂറേഷ്യന്‍ കഴുകനെ അവശ നിലയില്‍ ഡിസംബര്‍ അവസാന വാരം കണ്ടെത്തിയത്. യൂറോപ്യന്‍ മേഖലയിലും അഫ്ഗാനിസ്താനിലുമാണ് ഇതിനെ സാധാരണ കണ്ടുവരാറ്. അപൂര്‍വ പക്ഷിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മലബാര്‍ അവയര്‍നസ് റെസ്ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്) പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.മാര്‍ക്ക് പ്രവര്ത്തകന് എം.സി. സന്ദീപ് സ്ഥലത്തെത്തി പക്ഷിയെ ഏറ്റെടുത്തു വനം വകുപ്പിെന്റ അനുമതിയോടെ സംരക്ഷിക്കുകയായിരുന്നു. മാര്‍ക്ക് പ്രവര്‍ത്തകരുടെ പരിചരണത്തില്‍ കഴുകന് പൂര്‍ണ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടറും കഴുക സംരക്ഷണ വിഭാഗം തലവനുമായ ഡോ. വിഭുപ്രകാശും അന്താരാഷ്ട്ര തലത്തില്‍ കഴുകനെക്കുറിച്ച് പഠനം നടത്തുകയും സംരക്ഷണ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന സംഘടനയായ ഐ.യു.സി.എന്‍ വള്‍ച്ചര്‍ സ്പെഷലിസ്റ്റ് ടീം അംഗവും മുതിര്‍ന്ന പക്ഷിനിരീക്ഷകനുമായ സി. ശശികുമാറുമാണ് ഇത് യൂറേഷ്യന്‍ കഴുകനാണെന്ന് സ്ഥിരീകരിച്ചത്.ഇവരുടെ നിര്‍ദേശപ്രകാരം മാര്‍ക്ക് സെക്രട്ടറി റോഷ്നാഥ് രമേശ്, ആര്. ശ്രീജിത്ത്, പ്രദീപന് അലവില്‍ എന്നിവരാണ് യൂറേഷ്യന്‍ കഴുകനെ പരിചരിക്കുന്നതും ഭക്ഷണമുള്െപ്പടെയുള്ളവ നല്‍കുന്നതും. സംസ്ഥാന വന്യജീവി വകുപ്പ് വടക്കന്‍ മേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ് കുമാര്‍ കഴിഞ്ഞദിവസം പക്ഷിയെ സന്ദര്‍ശിച്ച് ആരോഗ്യനില വിലയിരുത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സുരേന്ദ്രകുമാറിെന്റ നിര്‍ദേശാനുസരണം പക്ഷിയെ ടാഗ് ചെയ്തിട്ടുണ്ട്.പൂര്‍ണ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കഴുകനെ ഇന്ന് കേരളത്തിലെ ഏക കഴുകന് ആവാസ മേഖലയായ വയനാട്ടിലെ വന്യജീവി സങ്കേതത്തില്‍ വിടും.