മഹാമാരിക്കാലത്തെ മനസ്സുറപ്പോടെ അതിജയിച്ച്, പ്രത്യാശയുടെയും പ്രതീക്ഷകളുടെയും നിറദീപക്കാഴ്ചയില്‍ യു.എ.ഇ പുതുവര്‍ഷത്തെ വരവേറ്റു
രാജ്യം മുഴുവന്‍ ആഘോഷത്തില്‍ മുങ്ങിയ പുതുവത്സരപ്പുലരിയില്‍ ഇത്തവണയും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫ തന്നെയാണ് വിസ്മയക്കാഴ്ചകളില്‍ മുന്നിട്ടുനിന്നത്.പ്രതിസന്ധികളെ പടിക്കുപുറത്താക്കി പുത്തനുണര്‍വോടെ പുതുവത്സരത്തെ വരവേല്‍ക്കുന്ന ജനങ്ങള്‍ക്ക് യു.എ.ഇയിലെ ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു. പ്രതീക്ഷകളും പ്രത്യാശകളും നിറയുന്ന പുതുവത്സരം സന്തോഷവും സമൃദ്ധിയും സമ്മാനിക്കട്ടെയെന്നായിരുന്നു ആശംസകളുടെ ചുരുക്കം.വൈകീട്ട് ഏഴ് മണിയോടെ ആഘോഷങ്ങള്‍ തുടങ്ങിയ ബുര്‍ജില്‍, ഓരോ രാജ്യങ്ങളിലും പുതുവത്സരം പിറക്കുന്നത് അതേസമയംതന്നെ ലോകത്തെ അറിയിച്ചാണ് ആഘോഷവേളക്ക് നിറക്കാഴ്ചയൊരുക്കിയത്.മാസ്മരിക വെടിക്കെട്ട് തീര്‍ത്ത് ചരിത്രമെഴുതിയാണ് അബൂദബി പുതുവര്‍ഷത്തെ വരവേറ്റത്. 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിലൂടെ കാഴ്ചയുടെ വര്‍ണപ്രപഞ്ചം തീര്‍ത്ത അബൂദബിയിലെ ആഘോഷം ഗിന്നസ് ബുക്കില്‍ ഇടം നേടും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരുന്നതേയുള്ളൂ.അബൂദബിയിലെ അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിലാണ് ലോക റെക്കോഡില്‍ ഇടംപിടിക്കുന്ന പുതുവത്സര ആഘോഷം നടന്നത്. 35 മിനിറ്റ് നീളുന്ന വെടിക്കെട്ടോടെ ഏറ്റവും കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രയോഗം എന്ന റെക്കോഡാണ് ലക്ഷ്യമിട്ടിരുന്നത്. ഏറ്റവും നീളമേറിയ ഗിരന്‍ഡോല പ്രദര്‍ശനവും നടന്നു. വെടിക്കെട്ടിനിടെ കറങ്ങി പറക്കുന്ന കരിമരുന്ന് ചക്രമാണ് ഗിരന്‍ഡോല. ഫെബ്രുവരി 20 വരെ നീണ്ടുനില്‍ക്കുന്ന സാംസ്കാരികമേളയാണ് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ പുതുവത്സരാഘോഷങ്ങള്‍ ഇന്നും തുടരും. കരിമരുന്ന് പ്രയോഗത്തിന് പുറമെ യു.എ. ഇ ഫൗണ്ടന്‍, ലേസര്‍ ഷോ എന്നിവയും പുതുവര്‍ഷരാവിനെ വര്‍ണാഭമാക്കി.പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് അജ്മാനിലെ വിവിധ പ്രദേശങ്ങളില്‍ കരിമരുന്ന് പ്രയോഗം നടന്നു. അജ്മാന്‍ വിനോദസഞ്ചാര വികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. അജ്മാനിലെ രണ്ടു കേന്ദ്രങ്ങളിലാണ് കരിമരുന്ന് പ്രയോഗത്തോട് കൂടിയുള്ള പ്രധാന ആഘോഷം നടന്നത്.കരിമരുന്ന് പ്രയോഗം അഞ്ച് മിനിറ്റോളം നീണ്ടുനില്‍ക്കും. അജ്മാന്‍ കോര്‍ണിഷിലെ അജ്മാന്‍ സരെയുടെ എതിര്‍വശത്തും മറ്റൊന്ന് അല്‍ സോറയിലെ ഒബറോയ് ബീച്ച് റിസോര്‍ട്ടിന് സമീപവുമാണ് കരിമരുന്ന് പ്രയോഗം നടക്കുക.