മേയറിെന്റ ഔദ്യോഗിക കാറില്‍ കോളജ് മുറ്റത്ത് വന്നിറങ്ങിയ ആര്യ രാജേന്ദ്രനെ അധ്യാപകര്‍ അഭിമാനപൂര്‍വം വരവേറ്റു
ബുധനാഴ്ച നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്യാനാണ് ആര്യ ഓള് സെയിന്‍സ് കോളജിലെത്തിയത്.തിങ്കളാഴ്ച കോളജ് തുറന്നെങ്കിലും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളതിനാല്‍ കോളജിലെത്താന്‍ ആര്യക്ക് സാധിച്ചിരുന്നില്ല. ബുധനാഴ്ച പരീക്ഷയായതുകൊണ്ടുതന്നെ അധ്യാപകര്‍ മാത്രമേ കോളജിലുണ്ടായിരുന്നുള്ളൂ.അധ്യാപകരോടും ജീവനക്കാരോടും കുറച്ചുനേരം കുശലാന്വേഷണം. പിന്നീട് ബി.എസ്സി മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ കാസ്മുറിയിലേക്ക്. ക്ലാസ് മുറിയില്‍ ആര്യക്കായി ടീച്ചറുടെ പ്രത്യേക ക്ലാസ്. ബുധനാഴ്ച നടക്കുന്ന പരീക്ഷക്ക് വരാനുള്ള പാഠഭാഗങ്ങള്‍, പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളൊക്കെ ടീച്ചറില്‍നിന്ന് മനസ്സിലാക്കി.സംശയങ്ങളും ഉത്തരങ്ങളുമായി ഏതാനും മണിക്കൂറുകള്‍. തുടര്‍ന്ന് അധ്യാപകരോട് നന്ദി പറഞ്ഞാണ് വീണ്ടും നഗരഭരണത്തിലേക്ക് ആര്യ പോയത്. ചൊവ്വാഴ്ച വൈകീട്ടുവരെ വിവിധ പരിപാടികളും മീറ്റിങ്ങുകള്‍ക്കുമായി സമയം കണ്ടെത്തി. തുടര്‍ന്ന് വീട്ടിലെത്തി അര്‍ധരാത്രിവരെ പഠനം.രണ്ടാം സെമസ്റ്ററിലെ നാലാം പരീക്ഷയാണ് ബുധനാഴ്ച നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നടന്ന മൂന്ന് പരീക്ഷകളും ആര്യക്ക് എഴുതാന്‍ സാധിച്ചിരുന്നില്ല. ഇനി മൂന്ന് പരീക്ഷകള്‍കൂടി ഈ മാസമുണ്ട്.