സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടാകുന്ന പ്രത്യേക വെല്ലുവിളികള്‍ക്ക് മുന്നില്‍ നിശ്‌ചേഷ്ടനായി നില്‍ക്കുന്ന വ്യക്തിയല്ല അദ്ദേഹം. അത്തരം സന്ദര്‍ഭങ്ങളില്‍ സജീവമായി ഇടപെടാന്‍ തയ്യാറാണെന്ന് വിശ്വാസ് മേത്ത തെളിയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്. 2018ലെയും 2019ലെയും പ്രളയം, നിപ തുടങ്ങിയ ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെടുന്നതിന് പറ്റുന്ന ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു.കാര്യങ്ങള്‍ നല്ലരീതിയില്‍ മനസിലാക്കി ഇടപെടുന്ന ചീഫ് സെക്രട്ടറിയെ അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെ നാം കണ്ടു. രാജസ്ഥാനില്‍ നിന്ന് കേരളം ദത്തെടുത്തതാണ് വിശ്വാസ് മേത്തയെ. ചെറിയ കാലയളവാണ് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചതെങ്കിലും അതിദീര്‍ഘകാലം എന്ന പ്രതീതി സൃഷ്ടിച്ചു. അദ്ദേഹം വഹിച്ച സ്ഥാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വലിയ സഹകരണം കഴിഞ്ഞ അഞ്ചു വര്‍ഷം സര്‍ക്കാരിന് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുവായ കാര്യത്തിനായി എല്ലാവരും നന്നായി പ്രവര്‍ത്തിച്ചു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നാടിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കുവേണ്ടിയായിരിക്കണമെന്ന കാഴ്ചപ്പാട് എപ്പോഴും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സിവില്‍ സര്‍വീസിന്റെ പടിയിറങ്ങുമ്ബോള്‍ പശ്ചാത്താപങ്ങളൊന്നുമില്ലെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. അച്ഛന്‍ പ്രൊഫ. മേത്തയുടെ കാല്‍തൊട്ടു വന്ദിച്ച ശേഷമാണ് അദ്ദേഹം മറുപടി പ്രസംഗം ആരംഭിച്ചത്. ജനങ്ങളില്‍ നിന്ന് ലഭിച്ച അഭിനന്ദനങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.മന്ത്രിമാരായ ഇ. പി. ജയരാജന്‍, കെ.കെ.ശൈലജ ടീച്ചര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. കൃഷ്ണന്‍കുട്ടി, നിയുക്ത ചീഫ് സെക്രട്ടറി വി. പി. ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, മറ്റു സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത്ത് രാജന്‍ സ്വാഗതവും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ നന്ദിയും പറഞ്ഞു.