പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്റർ ഉൽഘാടനം ഷാഫി പറമ്പിൽ എം.എൽ.എയും നാഞ്ചിയമ്മയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്യുന്നു.

നാഞ്ചിയമ്മ പാടി
പാലക്കാട് നഗരം ഇളകി മറിഞ്ഞു!
പാലക്കാട് – അട്ടപ്പാടിയുടെ ഗാന വാനമ്പാടിയെ കാണാൻ പാലക്കാട് നഗരത്തിലെ ആരാധകർ കാത്തു നിന്നത് ഒന്നര മണിക്കൂറുകളോളം. അയ്യപ്പനും കോശിയും എന്ന ഒറ്റ ചിത്രത്തിലൂടെ പാടുകയും അഭിനയിക്കുകയും ചെയ്തതിലൂടെ ലോക മലയാളികളുടെ ഇഷ്ടതാരമായി മാറിയ നാഞ്ചിയമ്മയെ ഇതാദ്യമായാണ് പാലക്കാട് ആരാധകർ നേരിൽ കാണുന്നത്. പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്റർ ഉൽഘാടന ചടങ്ങിൽ നാഞ്ചിയമ്മയെ ഷാഫി പറമ്പിൽ എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു. സിനിമയിൽ പാടിയ രണ്ട് ഗാനങ്ങൾ നാഞ്ചിയമ്മ പാടിയപ്പോൾ ആരാധകർ അതിനൊപ്പം നൃത്തം ചെയ്തു. അട്ടപ്പാടി ഗോത്രവർഗ്ഗത്തിൽപ്പെട്ട നാഞ്ചിയമ്മയെ പാലക്കാട്ടെ ആരാധകർ വൻ വരവേൽപ്പ് നൽകിയാണ് സ്വീകരിച്ചത്. നാഞ്ചിയമ്മയെന്ന കലാ പ്രതിഭയെ നേരിൽ കാണുവാൻ ഏറെ ആദരിച്ചിരുന്നുവെന്നും ഇപ്പോൾ അതിന് അവസരം ലഭിച്ചത് ഭാഗ്യമാണെന്നും ഷാഫിപറമ്പിൽ എം.എൽ.എ. അറിയിച്ചു.
താൻ എം.എൽ.എ.യാണെന്നും തന്നെ അറിയുമോയെന്നും ഷാഫി വേദിയിൽ സംസാരിക്കവെ നാഞ്ചിയമ്മയോട് ചോദിച്ചപ്പോൾ പതിവ് ചിരി മാത്രമായി. തൊട്ടടുത്തിരുന്ന ചലച്ചിത്ര താരം ഷാജു പറഞ്ഞ് മനസിലാക്കി കൊടുത്തു. വൻ ജനാവലിയാണ് ചടങ്ങിനെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. ഗാനസന്ധ്യയും നൃത്ത കലാവിരുന്നും ഉണ്ടായിരുന്നു. രാവിലെ 10 മണി മുതൽ ആരംഭിച്ച പ്രേം നസീർ ഗാനാലാപന മൽസരത്തിൽ ഏകദേശം 80 ഓളം പേർ പങ്കെടുത്തു. പാലക്കാട് മോയൻ സ് എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ

പ്രസി ഡണ്ട് കെ.ഗണേഷൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് മാരിയൽ സ്വാഗതമാശംസിച്ചു. തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, സി.ബി. ബാലചന്ദ്രൻ , മോഹനകുമാരൻ , ചന്ദ്രൻ എന്നിവർ പങ്കെടുത്തു