യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമാണ് യു എ ഇ.ഹോപ് പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങള്‍ എത്രയും പെട്ടെന്നു തന്നെ ആരംഭിക്കുമെന്ന് യു എ ഇ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്. ഏഴുമാസത്തെ യാത്രയ്ക്ക് ശേഷമായിരുന്നു ഹോപ് പ്രോബ് ലക്ഷ്യം കണ്ടത്.ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ഹോപ് പ്രോബ് ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങും. ചൊവ്വയിലെ ഒരു വര്‍ഷം കൊണ്ട് അതായത് ഏകദേശം ഭൂമിയിലെ 687 ദിവസങ്ങള്‍ കൊണ്ട് ആയിരിക്കും ഈ വിവരശേഖരണം പൂര്‍ണമായി നടത്തുക. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെ ആയിരിക്കും പര്യവേക്ഷണം നടത്തുക. അത്രയും കാലത്തോളം ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരും.