സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു

0

വാഷിങ്ടണ്‍: സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപമേധാവി അഹമ്മദ് അല്‍ അസിരി, സൗദി സൈന്യത്തിലെ ആര്‍ഐഎഫ് വിഭാഗം എന്നിവയ്‌ക്കെതിരെയാണ് ഉപരോധം. ഖഷഗ്ജി വധത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അമേരിക്കന്‍ അന്വേഷണത്തില്‍ കണ്ടെത്തിയവരാണിവര്‍. ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവര്‍ക്ക് അമേരിക്കയില്‍ ആസ്തിയുണ്ടെങ്കില്‍ മരവിപ്പിക്കും. അമേരിന്‍ പൗരന്മാര്‍ക്കോ കമ്ബനികള്‍ക്കോ ഈ വ്യക്തികളുമായി കരാറുണ്ടാക്കാനും സാധിക്കില്ല. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടി അനിവാര്യമാണ് എന്ന് അമേരിക്കന്‍ ധനവകുപ്പ് സെക്രട്ടറി ജാനെറ്റ് യാല്ലെന്‍ പ്രസ്താവിച്ചു.സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുമതിയോടെയാണ് ഖഷഗ്ജിയെ കൊലപ്പെടുത്തിയതെന്ന് അമേരിക്കന്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ബിന്‍ സല്‍മാനെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടില്ല. ഇരുരാജ്യങ്ങളുടെയും ബന്ധം വഷളാകുമെന്ന ആശങ്കയെ തുടര്‍ന്നാണിതെന്ന് കരുതുന്നു. അതേസമയം, സൗദി പൗരന്‍മാരായ 76 പേര്‍ക്ക് വിസാ നിയന്ത്രണവും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും വിമതര്‍ക്കുമെതിരെ പ്രതികാര നടപടി എടുത്തതാണ് വിസാ നിയന്ത്രണത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. വിമതരെ പീഡിപ്പിക്കുന്ന രാജ്യങ്ങളിലെ മനുഷ്യാവകാശ നിലവാരം സംബന്ധിച്ച്‌ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് പുറത്തിറക്കാനും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു ജമാല്‍ ഖഷഗ്ജി. അമേരിക്കയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വാഷിങ്ടണ്‍ പോസ്റ്റില്‍ പതിവായി ലേഖനം എഴുതിയിരുന്നു. സൗദി ഭരണകൂടത്തെ വിമര്‍ശിച്ചായിരുന്നു പല ലേഖനങ്ങളും. 2018 ഒക്ടോബറിലാണ് ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച്‌ ഖഷഗ്ജി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചു എന്ന് സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കിരീടവകാശിക്ക് സംഭവത്തില്‍ ബന്ധമില്ലെന്നും സൗദി അറിയിച്ചു. ഖഷഗ്ജി വധക്കേസില്‍ നിരവധി പേരെ സൗദി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചു. ഖഷഗ്ജിയുടെ കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് ശിക്ഷ 20 വര്‍ഷം തടവാക്കി കുറയ്ക്കുകയും ചെയ്തു.അേേതസമയം, സൗദി ഉദ്യോഗസ്ഥര്‍ക്കെതിരായ ഉപരോധവും വിസാ നിരോധനവും ബൈഡന്‍ ഭരണകൂടം നല്‍ക്കുന്ന സന്ദേശമാണെന്ന് വിലയിരുത്തപ്പെടുന്നു. ഖഷഗ്ജി വധത്തില്‍ സൗദി കിരീടവകാശിയെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് അമേരിക്ക വെള്ളിയാഴ്ച പുറത്തുവിട്ടത്. ഇതിന് തൊട്ടുമുമ്ബ് പ്രസിഡന്റ് ബൈഡന്‍ സൗദി രാജാവ് സല്‍മാനുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ കിരീടവകാശി ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തി.

You might also like

Leave A Reply

Your email address will not be published.