അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്കൈ ട്രാക്സിന്റെ ഫോര്‍ സ്റ്റാര്‍ റേറ്റിങ് (4-star Covid-19 Airport Safety Rating) ആണ് മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം നേടിയത്.സ്കൈട്രാക്സിന്റെ (SKYTRAX) പ്രത്യേക സംഘം ആഗോളതലത്തില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ (International Airports) ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാനടപടികള്‍ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ് നല്‍കിയത്. പ്രധാനമായും ആരോഗ്യ, സുരക്ഷ ശുചിത്വ നടപടികളുടെ (Safety and hygiene measures) കാര്യക്ഷമതയും സ്ഥിരതയുമാണ് വിലയിരുത്തിയത്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ അടക്കം യാത്രയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ശുചീകരണവും അണുമുക്തമാക്കലുമടക്കം കാര്യങ്ങള്‍ പരിശോധനക്കു വിധേമാക്കിയിരുന്നു. നേരത്തെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (Muscat International Airport) ലഭിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ നടപ്പാക്കിയ കോവിഡ് ആരോഗ്യസുരക്ഷ നടപടികള്‍ കണക്കിലെടുത്തുള്ളതായിരുന്നു ഈ അക്രഡിറ്റേഷന്. ഈ അംഗീകാരം ലഭിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ വിമാനത്താവളമാണ് ഇത്.കൊവിഡ് പ്രോട്ടോകോള്‍ (Covid Protocol) മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ഫോര്‍ സ്റ്റാര്‍ റേറ്റിങ് അംഗീകാരം ഒമാന്‍ എയര്‍പോര്‍ട്ടുകളുടെ (Oman Airports) വിജയത്തിന്റെ നാഴികക്കല്ലാണെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് ഡെപ്യൂട്ടി സി.ഇ.ഒ സൗദ് ബിന്‍ നാസര്‍ അല്‍ ഹുബൈഷി അറിയിച്ചു. യാത്രാക്കാര്‍ക്ക് മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കാനുള്ള തത്രപ്പാടിനിടയില്‍ ഉയര്‍ന്നുവന്ന covid19 കേസുകള്‍ വളരെയധികം വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് കാലത്തെ വിമാനത്താവളങ്ങളിലെ ആരോഗ്യസുരക്ഷ നടപടികള്‍ പ്രൊഫഷണല്‍ രീതിയില്‍ വിലയിരുത്തുന്ന ലോകത്തിലെ ഏക അസെസ്മെന്റ്, സര്ട്ടിഫിക്കേഷന് സംവിധാനമാണ് സ്കൈട്രാക്സ് (SKYTRAX) കോവിഡ് 19 എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ്. ശുചീകരണം, രോഗാണുമുക്തമാക്കല്‍ തുടങ്ങിയവക്ക് പുറമെ സാമൂഹിക അകലം പാലിക്കല്‍, മുഖാവരണത്തിെന്റ ഉപയോഗം, സാനിറ്റൈസര്‍ ലഭ്യത, വിമാനത്താവള ജീവനക്കാരുടെ പി.പി.ഇ കിറ്റ് ഉപഭോഗം തുടങ്ങിയവയും വിലയിരുത്തിയാണ് സ്കൈ ട്രാക്സ് റേറ്റിങ് നല്‍കുന്നത്.