ട്വന്റി 20 പരമ്ബരെകള്‍ സ്വന്തമാക്കിയ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ഇനി ഏകദിന പരീക്ഷണം. മൂന്ന് മത്സരങ്ങളുള്ള പരമ്ബരയിലെ ആദ്യ കളി ഇന്ന് പൂനയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറും. കോവിഡ് വ്യാപനം മഹാരാഷ്ട്രയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടക്കുക.രോഹിതിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങുന്ന ശിഖര്‍ ധവാന്റെ ഫോമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിലെ തലവേദന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍നിന്ന് ഒഴിവാക്കപ്പെട്ട താരം ട്വന്റി 20 ടീമില്‍ ഇടം കണ്ടെത്തിയെങ്കിലും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. ആദ്യ കളിയില്‍ കെഎല്‍ രാഹുലിനൊപ്പം തുടക്കമിട്ട ധവാന്റെ ബാറ്റില്‍നിന്ന് പിറന്നത് 12 പന്തില്‍നിന്ന് നാല് റണ്‍സ് മാത്രമാണ്. അതിനാല്‍ ഏകദിന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ധവാന് അനിവാര്യമാണ്.ധവാന്റെ പ്രകടനം മോശമായാല്‍ നിരവധി യുവതാരങ്ങളാണ് അവസരത്തിനായി കാത്തിരിക്കുന്നത്. ടീമില്‍ ഇടം കണ്ടെത്തിയ ശുഭ്‌മാന്‍ ഗില്ലിനാകും ആദ്യ പരിഗണന. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പൃഥ്വി ഷായ്ക്കും ദേവദത്ത് പടിക്കലിനും സാധ്യതയുണ്ട്. ട്വന്റി 20 പരമ്ബരയില്‍ പരാജയപ്പെട്ട കെഎല്‍ രാഹുലിനും ഫോമിലേക്ക് മടങ്ങി വരാനുള്ള അവസരമാണിത്. 1,0,0, 14 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോറുകള്‍. നാലാമനായി കോഹ്ലിക്ക് പിന്നിലാവും രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍.ഡെത്ത് ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കെല്‍പ്പുള്ള ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിങ് നിരയുടെ ശക്തി വര്‍ധിപ്പിക്കും. നിലവിലെ ഫോം അനുസരിച്ച് പന്തിന് ബാറ്റിങ് ലൈനപ്പില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. മധ്യനിരയിലേക്ക് സൂര്യകുമാര്‍ യാദവിനെയോ ശ്രേയസ് അയ്യറെയോ പരിഗണച്ചേക്കാം. ട്വന്റി 20 പരമ്ബരയില്‍ ഇരുവര്‍ക്കും റണ്‍സ് കണ്ടെത്താനായത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.ബൗളിങ് നിരയിലേക്ക് എത്തിയാല്‍ ജംസ്പ്രിത് ബുംറയുടെ അഭാവമാണ് തിരിച്ചടി. അവസാന ഓവറുകളില്‍ ബുംറയുടെ സാന്നിധ്യം നായകന്‍ കോഹ്ലിയുടെ ജോലിഭാരം കുറക്കാനുതകുന്നതായിരുന്നു. എന്നാല്‍ ടീമിലേക്കു മടങ്ങിയെത്തിയ ഭുവനേശ്വര്‍ കുമാര്‍ ഫോമിലാണ്. രണ്ടാം ബൗളറായി ഷര്‍ദൂല്‍ ഠാക്കൂറിനാകും അവസരം. ട്വന്റി 20 പരമ്ബരയിലെ വിക്കറ്റ് വേട്ട ശാര്‍ദൂലിന് തുണയാകും. വാഷിങ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചാഹലുമാകും സ്പിന്‍നിരയിലെ ശക്തി കേന്ദ്രങ്ങള്‍. അഞ്ചാം ബൗളറായ് ഹാര്‍ദിക് പാണ്ഡ്യ എത്തും.മറുവശത്ത് ഇംഗ്ലണ്ടിന് അധിക സമ്മര്‍ദമുണ്ട്. ടെസ്റ്റ്, ട്വന്റി 20 പരമ്ബരകളില്‍ അടിയറവ് വച്ച സന്ദര്‍ശകര്‍ക്ക് ഏകദിന പരമ്ബരയെങ്കിലും സ്വന്തമാക്കുകയായിരിക്കും ലക്ഷ്യം. നായകന്‍ ഇയോണ്‍ മോര്‍ഗന്റെ ബാറ്റിങ് പ്രകടനം നിര്‍ണായകമാണ്. ജോസ് ബട്ലറിന്റെയും ജേസണ്‍ റോയിയുടെയും ഫോമാണ് ഇംഗ്ലണ്ട് നിരയുടെ കരുത്ത്. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ടീമിന്‍റെ അഭിവാജ്യ ഘടകമായ ബെന്‍ സ്റ്റോക്സും കൂടി ചേരുമ്ബോള്‍ ടീം സന്തുലിതമാകും.പരുക്കേറ്റ ജോഫ്ര ആര്‍ച്ചറിന്റെ അഭാവമാണ് ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് വലിയ തിരിച്ചടി. ഇതോടെ മാര്‍ക്ക് വുഡിന്റെ ജോലിഭാരം ഇരട്ടിക്കും. ട്വന്റി 20 പരമ്ബരയില്‍ വുഡിന്‍റെ പേസ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ക്രിസ് ജോര്‍ദാനും യുവതാരം സാം കറണുമായിരിക്കും വുഡിനു പിന്തുണ നല്‍കുക. ബാറ്റിങ്ങിന് അനുകൂലമായ പൂനയിലെ പിച്ച്, ഫോമിലല്ലാത്ത ഇരുവരും എങ്ങനെ അതിജീവിക്കുമെന്നത് ചോദ്യചിഹ്നമാണ്.
സാധ്യതാ ടീം
ഇന്ത്യ : രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്‌ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബാരിസ്റ്റോ, സാം ബില്ലിങ്സ്, ഇയോണ്‍ മോര്‍ഗന്‍, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, സാം കറണ്‍, മൊയീന്‍ അലി, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍, മാര്‍ക്ക് വുഡ്.