കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദമ്മാമില്‍ കോവിഡ് വാക്സിനേഷന് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
നിര്‍മാണപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കു മുമ്ബാണ് കേന്ദ്രം പ്രവര്‍ത്തനസജ്ജമായത്. ഉദ്ഘാടനം കഴിഞ്ഞുള്ള ആദ്യ രണ്ടു ദിവസങ്ങള്‍ക്കകം 200ഓളം പേര് ഈ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ വാക്സിന് സ്വീകരിച്ചു. 5000ത്തോളം പേര്‍ക്ക് ദിനേന കുത്തിവെപ്പെടുക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നതതെന്ന് സെന്റര്‍ അസി. ഡയറക്ടര്‍ റാമി സാമിര്‍ പറഞ്ഞു. ദമ്മാം കിങ് ഫഹദ് അതിവേഗ പാതയിലെ ഗ്രീന്‍ ഹാളിലാണ് ഭീമന് വാക്സിനേഷന് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.കായികമത്സരങ്ങള്‍ നടക്കാറുള്ള സ്റ്റേഡിയത്തിനകത്ത് സംവിധാനിച്ച കേന്ദ്രത്തില്‍ 64ഓളം വെവ്വേറെ ചെറിയ ക്ലിനിക്കുകളായാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സംവിധാനിച്ച കേന്ദ്രത്തില്‍ പ്രത്യേകം കാത്തിരിപ്പുസ്ഥലവും വിശ്രമമുറിയും നിര്‍മിച്ചിട്ടുണ്ട്. മതിയായ വാഹന പാര്‍ക്കിങ് സൗകര്യങ്ങളും മറ്റു ഭൗതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദമ്മാം-അല്‍ഖോബാര്‍ നഗരത്തോടു ചേര്‍ന്നുള്ള സെന്ററില്‍ ആയിരക്കണക്കിന് സ്വദേശികള്‍ക്കും താമസക്കാര്‍ക്കും കുത്തിവെപ്പ് എടുക്കല്‍ സുഗമമാവും. കുത്തിവെപ്പ് എടുക്കാനെത്തുന്നവരെ സഹായിക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകരും വളന്റിയര്‍മാരും സഹായത്തിനുണ്ടാവും. കാര്‍ പാര്‍ക്കിങ് മുതല്‍ എല്ലാ ഏരിയയിലും മതിയായ നിര്‍ദേശങ്ങള്‍ നല്കി വളന്റിയര്‍മാര്‍ സദാ കര്‍മനിരതരാണെന്ന് ആരോഗ്യ പ്രവത്തകനായ വളന്റിയര്‍ മുഹമ്മദ് മുസ്ലിം പറഞ്ഞു.നേരേത്ത പ്രവര്‍ത്തനമാരംഭിച്ച ദഹ്റാന്‍, ഹഫറുല്‍ ബാതിന്, അല്‍അഹ്സ, റാസ് തന്നുറ, ജുബൈല്‍ എന്നീ കേന്ദ്രങ്ങള്ക്കുശേഷമാണ് പ്രവിശ്യയിലെതന്നെ ഏറ്റവും വലിയ കേന്ദ്രമായി ദമ്മാമിലെ കേന്ദ്രം തുറക്കുന്നത്. ജനുവരി രണ്ടാം വാരം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് റബീഅ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സംവിധാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷം, ഏതാനും ആഴ്ചകള്‍ക്കകം പ്രവിശ്യയിലെ അഞ്ചു കേന്ദ്രങ്ങളും യാഥാര്‍ഥ്യമായി.ദേശീയ വാക്സിനേഷന് പ്രചാരണ കാമ്ബയിന് ഡിസംബര്‍ 17ന് തുടക്കമായെങ്കിലും, മതിയായ അളവില്‍ വാക്സിനേഷന് ആഗോള വിപണിയില്‍ ലഭ്യമാവാതിരുന്നതിനാല്‍ കാലതാമസം നേരിട്ടിരുന്നു. നേരേത്ത ഉണ്ടായിരുന്ന ഫൈസറിന് പുറമെ അസ്ട്രസെനക, മോഡേണ വാക്സിനുകള്‍ക്കുകൂടി അനുമതി നല്‍കിയതോടെ, മൂന്നു പ്രമുഖ ആഗോള കമ്ബനികളുടെ വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.മൂന്നു ഘട്ടങ്ങളിലായിട്ടാണ് വാക്സിന് കാമ്ബയിന് നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരേത്ത അറിയിച്ചിരുന്നു. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും ആരോഗ്യപരമായ അപകടസാധ്യതയുള്ളവര്‍ക്കും ആദ്യ ഘട്ടത്തിലും 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഘട്ടത്തിലും വാക്സിന് നല്‍കും. മറ്റുള്ളവര്‍ക്ക് മൂന്നാം ഘട്ടത്തിലും കുത്തിവെപ്പ് എടുക്കാം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്സിന് വിതരണം. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂര്‍ത്തിയാക്കിയ ശേഷം രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ സിഹത്തീ ആപ് വഴി വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.