ചെറിയ ചെറിയ മറവികള്‍ പലരും നിസാരമായി കാണാറുണ്ടെങ്കിലും പിന്നീട് വലിയ പ്രശ്നങ്ങളായി മാറുന്ന ഒന്നാണ് മറവി രോഗം
ഉറക്കത്തില്‍ ശ്വസനം ആവര്‍ത്തിച്ച് തടസ്സപ്പെടുമ്ബോള്‍ ഉണ്ടാകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന രോഗം ഓര്‍മ്മക്കുറവുള്ളവരില്‍ സാധാരണമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.ആളുകളുടെ പ്രായം കൂടുന്നതിനനുസരിച്ച് ബുദ്ധിപരമായ വൈകല്യത്തിനുള്ള സാധ്യത കൂടുമെന്നും, മികച്ച ഉറക്കം തലച്ചോറിന് ഗുണം ചെയ്യുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ബുദ്ധിപരമായ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ളവരില്‍ പകുതിയിലധികം പേര്‍ക്കും സ്ലീപ് അപ്നിയ ഉള്ളതായും ഗവേഷണത്തില്‍ കണ്ടെത്തി. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയില്‍ മാര്‍ക്ക് ബൌലോസ് എന്നയാള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്.സ്ലീപ് ഡിസോര്‍ഡര്‍ ഉള്ളവര്‍ക്ക് ചിന്താശേഷിയും ഓര്‍മ്മയും കുറവായിരിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സ്ലീപ് അപ്നിയ ആളുകളെ എങ്ങനെ ബാധിക്കുമെന്ന് പൂര്‍ണ്ണമായി മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും ചിന്തകളും ഓര്‍മ്മിക്കാനുള്ള കഴിവുകളും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഗവേഷകന്‍ പറയുന്നു.പഠനത്തിനായി ശരാശരി 73 വയസ്സ് പ്രായമുള്ള ബുദ്ധിമാന്ദ്യമുള്ള 67 പേരെയാണ് തിരഞ്ഞെടുത്തത്. ഇവരുടെ ഉറക്കം, അറിവ്, മാനസികാവസ്ഥ എന്നിവ തിരച്ചറിയുന്നതിനുള്ള ചോദ്യാവലികളാണ് തയ്യാറാക്കിയിരുന്നത്. ഇവരുടെ ബുദ്ധിപരമായ വൈകല്യത്തിന്റെ തോത് നിര്‍ണ്ണയിക്കാന്‍ 30-പോയിന്റിന്റെ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന പഠനത്തില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേര്‍ക്കും സ്ലീപ് അപ്നിയ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.സ്ലീപ് അപ്നിയ ഇല്ലാത്തവരെ അപേക്ഷിച്ച് സ്ലീപ് ഡിസോര്‍ഡര്‍ ഉള്ള ആളുകള്‍ക്ക് ടെസ്റ്റില്‍ 60 ശതമാനം മാര്‍ക്ക് കുറവാണ് ലഭിക്കുന്നതെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന പഠനത്തില്‍ പറയുന്നു. ഏപ്രില്‍ 17 മുതല്‍ 22 വരെയാണ് വാര്‍ഷിക യോഗം നടക്കുക.കൂടാതെ, സ്ലീപ് അപ്നിയ എത്രത്തോളം ഓരോരുത്തരെയും ബാധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പങ്കെടുത്തവരുടെ ഉറക്കത്തിന്റെ ഗുണനിലവാരവുമായി താരതമ്യപ്പെടുത്തി ഗവേഷകര്‍ കണ്ടെത്തി. ഉറക്കക്കുറവ്, ഉറക്കസമയം, എത്ര വേഗത്തില്‍ ഉറങ്ങുന്നു, ഉറക്കത്തിനിടയില്‍ എത്ര തവണ ഉണരുന്നു തുടങ്ങിയ കാര്യങ്ങളും ഗവേഷകര്‍ പരിശോധിച്ചിരുന്നു.ബുദ്ധിമാന്ദ്യമുള്ളവരിലാണ് സ്ലീപ് അപ്നിയ കൂടുതലും കാണപ്പെടുന്നത്. തുടര്‍ച്ചയായ പോസിറ്റീവ് എയര്‍വേ പ്രഷര്‍ (സിപിഎപി) യന്ത്രം ഉപയോഗിച്ച് രോഗം ചികിത്സിക്കാന്‍ കഴിയുമെന്നും ബൌലോസ് പറഞ്ഞു. ബുദ്ധിവൈകല്യമുള്ള ആളുകളില്‍ കാര്യക്ഷമമായും എളുപ്പത്തിലും രോഗം നിര്‍ണ്ണയിക്കാനും കൈകാര്യം ചെയ്യാനുമുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഭാവിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ഈ വിഷയത്തില്‍ നടത്താനാകുമെന്നും ബൌലോസ് പറഞ്ഞു.