യാര്‍ഡില്‍ പണി പൂര്‍ത്തിയായ ബോട്ട് ക്രെയിന്‍ ഉപയോഗിച്ച് വെള്ളത്തിലേക്ക് മാറ്റിയെങ്കിലും സര്വിസിനെത്താന് ഇനിയും സമയമെടുക്കും.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് ബോട്ട് നിര്‍മിക്കുന്നത്. ട്രയലുകള്‍ നടത്തി പരിശോധനകള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കെ.എം.ആര്.എല്ലിന് കൈമാറുക. 100 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ ബോട്ടാണ് നിര്‍മിച്ചിരിക്കുന്നത്.ഇത്തരത്തിെല 23 ബോട്ടുകളാണ് കൊച്ചി മെട്രോ റെയിലിനുവേണ്ടി ഷിപ്യാര്ഡ് നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് നീരണിഞ്ഞത്. രണ്ട് ബോട്ടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വൈറ്റില-കാക്കനാട് റൂട്ടില്‍ മാര്‍ച്ചില്‍ സര്വിസിനെത്തുമെന്നായിരുന്നു ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്.ഈ ടെര്‍മിനലുകളുടെ ഉദ്ഘാടനവും കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, ഉദ്ദേശിച്ച സമയത്ത് സര്വിസിനെത്തിക്കാന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കഴിഞ്ഞില്ല. കോവിഡാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വൈറ്റില- കാക്കനാട് റൂട്ടിലാണ് ആദ്യഘട്ട സര്‍വിസ് ആരംഭിക്കുന്നത്.ആദ്യ ബോട്ട് കൈമാറിക്കഴിഞ്ഞാല്‍ ഓരോ അഞ്ച് ആഴ്ചയിലും ഓരോ ബോട്ട് വീതം നടപടി പൂര്‍ത്തീകരിച്ച് കൊച്ചിന് ഷിപ്യാര്ഡ് കെ.എം.ആര്.എലിന് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെര്‍മിനല്‍, ബോട്ട് എന്നിവയുടെ നിര്‍മാണം, സ്ഥലമെടുപ്പ് തുടങ്ങിയവക്ക് ഇതിനകം 145.22 കോടി ചെലവഴിച്ച പദ്ധതിയുടെ ആകെ ചെലവ് 747 കോടിയാണ്. ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യുവില്‍നിന്ന് 579.71 കോടി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.