ശക്തരായ പിഎസ്ജിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബയേണിനെ തകര്‍ത്തത്.സ്വന്തം തട്ടകത്തില്‍ ഏറ്റ പരാജയം ബയേണിനു തിരിച്ചടിയായേക്കും. സൂപ്പര്‍ താരം കലിയന് എംബാപ്പയുടെ ഇരട്ടഗോളുകളാണ് പിഎസ്ജിക്ക് മിന്നും ജയം സമ്മാനിച്ചത്.കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ ഇത്തവണ ക്വാര്‍ട്ടറില്‍ തന്നെ മുഖാമുഖം എത്തിയപ്പോള്‍ കളത്തില്‍ തീപ്പൊരി ചിതറി. നെയ്മറുടെ അഭാവത്തില്‍ പിഎസ്ജിയുടെ ആക്രമണ ചുമതല ഏറ്റെടുത്ത എംബാപ്പെ മൂന്നാം മിനിറ്റില്‍ തന്നെ നയംവ്യക്തമാക്കി. മാനുവല്‍ ന്യൂയറിന്റെ കാലുകള്ക്കിയിലൂടെ പന്ത് ഗോളിലേക്ക്.28 ാം മിനിറ്റില്‍ മാര്ക്വിന്ഹോസിലൂടെ പിഎസ്ജി ലീഡ് ഉയര്‍ത്തി. എന്നാല്‍ ആദ്യപകുതി അവസാനിക്കുംമുന്പ് ചൗപോ മോട്ടിംഗിലൂടെ ബയേണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച ബയേണ്‍ 68 ാം മിനിറ്റില്‍ സമനിലപിടിച്ചു. തോമസ് മുള്ളറായിരുന്നു സ്കോര്‍ ചെയ്തത്.എന്നാല്‍ എട്ടു മിനിറ്റ് മാത്രമായിരുന്നു ബയേണിന്റെ സമനില സമാധാനത്തിന്റെ പ്രായം. എംബപ്പെ വീണ്ടും ബയേണ്‍ പ്രതിരോധ പൂട്ടുപൊളിച്ചു. ബോക്സിന്റെ ഇടത് പാര്‍ശ്വത്തില്‍നിന്നും രണ്ട് പ്രതിരോധ താരങ്ങളുടെ ഇടയിലൂടെ എംബപ്പെ പായിച്ച ഷോട്ട് ബയേണിന്റെ നെഞ്ചില്‍ തറച്ചു. ഇനി രണ്ടാം പാദം പിഎസ്ജിയുടെ മൈതാനത്ത് നടക്കും.