റമദാന് മാസത്തിലെ പ്രവൃത്തിസമയം ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി) പുറത്തിറക്കി
ദോഹ: എച്ച്.എം.സിക്ക് കീഴിലെ എല്ലാ ആശുപത്രികളിലെയും മുഴുവന്‍ അടിയന്തര, ഇന്‍പേഷ്യന്റ് സേവനങ്ങളും ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ദേശീയ കോവിഡ്-19 ഹെല്പ്ലൈന് നമ്ബറായ 16000 എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷെന്റ വെര്‍ച്വല്‍ ക്ലിനിക്കുകള്‍ എച്ച്.എം.സി അര്ജന്റ് കണ്സല്ട്ടേഷന് ക്ലിനിക്കുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക് രണ്ടുവരെ രോഗികള്‍ക്ക് വെര്‍ച്വല്‍ അപ്പോയിന്റ്മെന്റുകള്‍ക്കായി ബന്ധപ്പെടാം. എച്ച്.എം.സി അര്ജന്റ് കണ്സല്ട്ടേഷന് സേവനം ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ വൈകീട്ട് മൂന്നുവരെ തുടരും.മാനസികാരോഗ്യ വിഭാഗം ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക് രണ്ടു വരെയും രാത്രി ഒമ്ബതു മുതല്‍ പുലര്‍ച്ച രണ്ടു വരെയും തുടരും. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്ബതു മുതല്‍ രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കൂ.എച്ച്.എം.സിയുടെ ഫാര്‍മസി മെഡിക്കേഷന്‍ ഹോം ഡെലിവറി സേവനം വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ മൂന്നുവരെ പ്രവര്‍ത്തിക്കും. എച്ച്.എം.സി ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സേവനം 40260759 നമ്ബറില്‍ വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് മൂന്നുവരെ പ്രവര്‍ത്തിക്കും.എച്ച്.എം.സി ഡയബറ്റിസ് ഹോട്ട്ലൈന്‍ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ വൈകീട്ട് 5.30 വരെയും 7.30 മുതല്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കും. ഹമദ് ജനറല്‍ ആശുപത്രിയോടടുത്തുള്ള ബ്ലഡ് ഡോണര്‍ സെന്റര്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെയും വൈകീട്ട് ആറു മുതല്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും.സര്‍ജിക്കല്‍ സ്പെഷാലിറ്റി സെന്ററിന് സമീപത്തുള്ള ന്യൂ ബ്ലഡ് ഡോണര്‍ സെന്റര്‍ വൈകീട്ട് ആറുമുതല്‍ അര്‍ധരാത്രി 12 വരെ പ്രവര്‍ത്തിക്കും. നസ്മഅക് കസ്റ്റമര്‍ സര്‍വിസ് ഹെല്പ്ലൈന് നമ്ബറായ 16060 ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴുമുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയും കസ്റ്റമര്‍ സര്‍വിസ് ഹെല്പ്ലൈന് പ്രവര്‍ത്തിക്കും.അേതസമയം, പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തരമല്ലാത്ത ചികിത്സകളെല്ലാം ഓണ്‍ലൈനിലൂടെ മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. ഈ സേവനങ്ങള്‍ ടെലിഫോണ്‍, വിഡിയോ വഴിയാണ് നല്‍കുന്നത്. എന്നാല്‍ ഫാമിലി മെഡിസിന്, ദന്തരോഗ വിഭാഗം, സ്പെഷാലിറ്റി സേവനങ്ങള്‍ തുടങ്ങിയവയില്‍ തീര്‍ത്തും അടിയന്തര സേവനങ്ങള്‍ക്കായി കേന്ദ്രങ്ങളില്‍ നേരിട്ടെത്താം. അടിയന്തര സേവനം ആവശ്യമുള്ളവര്‍ക്ക് 16000ത്തില്‍ വിളിച്ച് ഡോക്ടറുടെ സഹായം തേടാം. നമ്ബറില്‍ വിളിച്ച് പി.എച്ച്.സി.സി സെലക്ട് ചെയ്ത് ഒാപ്ഷന്‍ രണ്ട് തിരഞ്ഞെടുക്കണം. നേരിട്ടുള്ള പരിശോധന ആവശ്യമാണെങ്കില്‍ പി.എച്ച്.സി.സിയുടെ വാക് ഇന്‍ സേവനത്തിലേക്ക് ഡോക്ടറുടെ റഫറല്‍ ലഭിക്കും. മുഐദര്‍, റൗദത് അല്‍ ഖൈല്‍, ഗറാഫ, അല്‍ കഅ്ബാന്‍, അല്‍ ശഹാനിയ, അല്‍ റുവൈസ്, ഉം സലാല്‍, അബൂബക്കര്‍ അല്‍ സിദ്ദീഖ് ഹെല്‍ത്ത് സെന്ററുകളിലാണ് നിലവില്‍ അടിയന്തര സേവനങ്ങള്‍ ഉള്ളത്. രാജ്യത്ത് കോവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യമായതിനാല്‍ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് പി.എച്ച്.സി.സിയുടെ തീരുമാനം.