‘അഗ്വേറോക്ക് പകരക്കാരനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല’,ഗ്വാര്‍ഡിയോള

0

മത്സര ശേഷം അഗ്വേറോ ക്ലബ്ബ് വിടുന്നതിനെക്കുറിച്ച്‌ സംസാരിക്കവെ വികാരധീനനായി സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ‘ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ഇഷ്ടമുള്ള, സവിശേഷമായ വ്യക്തിത്വമാണ് അഗ്വേറോ. എന്നെ അദ്ദേഹം വളരെയധികം സഹായിച്ചിട്ടുണ്ട്. അഗ്വേറോക്ക് പകരക്കാരനെ കണ്ടെത്താന്‍ ഞങ്ങള്‍ക്കാവില്ല. ഒരിക്കലുമാവില്ല’- അര്‍ജന്റീനിയന്‍ താരത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് വിതുമ്ബിക്കൊണ്ട് പെപ് ഗ്വാര്‍ഡിയോള മറുപടി പറഞ്ഞു.സെര്‍ജിയോ അഗ്വേറോ ഈ സീസണില്‍ ബാഴ്സയിലേക്ക് പോകുമെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അഗ്വേറോയെന്ന് ഗ്വാര്‍ഡിയോള വെളിപ്പെടുത്തി. ‘ആ രഹസ്യം ഞാന്‍ പരസ്യമാക്കാം. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അഗ്വേറോ. ബാഴ്സയില്‍ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ കൂടെയാണ് കളിക്കാന്‍ പോകുന്നത്’- ഗ്വാര്‍ഡിയോള പറഞ്ഞു മാഞ്ചസ്റ്റര്‍ സിറ്റി ലെജന്റ് സെര്‍ജിയോ അഗ്വേറോ പ്രീമിയര്‍ ലീഗിലെ തന്റെ അവസാന മത്സരം അവിസ്മരണീയമാക്കിക്കൊണ്ട് പടിയിറങ്ങുന്നത്. അവസാന മത്സരത്തില്‍ എവര്‍ട്ടണിന് എതിരെ ഇരട്ട ഗോളുകളും നേടി ഒരു പുതിയ റെക്കോര്‍ഡും കുറിച്ച്‌ രാജകീയമായാണ് അഗ്വേറോ വിടവാങ്ങിയത്. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സിറ്റി ജയിക്കുകയും ചെയ്തു. കെവിന്‍ ഡി ബ്രൂയ്ന്‍, ഗബ്രിയേല്‍ ജീസസ്, ഫില്‍ ഫോഡന്‍ എന്നിവരാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍.ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകള്‍ എന്ന വെയ്ന്‍ റൂണിയുടെ റെക്കോര്‍ഡാണ് അഗ്വേറോ ഈ മത്സരത്തിലൂടെ മറികടന്നത്. റൂണിയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി നേടിയ 183 ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇന്ന് ഇരട്ട ഗോളുകളോടെ 184 ഗോളുകള്‍ നേടിക്കൊണ്ട് അഗ്വേറോ തന്റെ പേരിലാക്കി. രണ്ടാം പകുതിയിലാണ് അഗ്വേറോ കളത്തിലിറങ്ങിയത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അഗ്വേറയെ സ്‌റ്റേഡിയം വരവേറ്റത്. 71ആം മിനിട്ടിലും 76ആം മിനിട്ടിലും അഗ്വേറോ ഗോള്‍ വല കുലുക്കി. ഇതോടെ 10 വര്‍ഷത്തിലേറെ നീണ്ട അഗ്വേറോയുടെ ഇംഗ്ലീഷ് കരിയറിനാണ് വിരാമമായിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പം അഞ്ചു പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് അഗ്വേറോ.32 വയസ്സ് പ്രായമുള്ള താരത്തിന്റെ കരാര്‍ ഈ ജൂണോടു കൂടി അവസാനിക്കും. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തിരുന്ന അഗ്വേറോ അടുത്തിടെയാണ് കളി വീണ്ടും ആരംഭിച്ചത്. സിറ്റി ലെജെന്റായ അഗ്വേറോ, ക്ലബ്ബ് മത്സരങ്ങളില്‍ ആകെ 390 കളികളില്‍ നിന്നും 260 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012 ലെ പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് സിറ്റിയെ ചാമ്ബ്യന്‍മാരാക്കിയത് അഗ്വേറോ ആയിരിന്നു. ആവേശകരമായ മത്സരത്തില്‍ 90ആം മിനിട്ട് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു സിറ്റി. മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് അഗ്വേറോ ഗോള്‍ നേടി ആരാധകരെ വിസ്മയിപ്പിച്ചത്. ഇത് പിന്നീട് ‘അഗ്വേറോ മൊമന്റ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.

You might also like
Leave A Reply

Your email address will not be published.